കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസ് , അഞ്ചുമാസമായിട്ടും ബോട്ടില്‍ ആസ്ട്രേലിയന്‍ ദ്വിപിലേയ്ക്ക് കടന്ന 243 പേരെ കുറിച്ച് ഒരു വിവരവുമില്ല. കൊച്ചി മുനമ്പത്തുനിന്ന് ബോട്ടില്‍ കടന്നത് 85 കുട്ടികളടക്കം 243 പേരാണ് . സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഉള്‍പ്പെടെ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘം ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കില്‍ എവിടെയാണ് എന്നൊന്നും സ്ഥിരീകരിക്കാനായിട്ടില്ല.
ദേവമാതാ എന്ന ബോട്ടില്‍ മുനമ്പത്തുനിന്ന് പുറപ്പെട്ട സംഘത്തിലെ 243 പേരില്‍ 184പേര്‍ ഡല്‍ഹിയിലെ അംബേദ്കര്‍ കോളനിയില്‍നിന്നുള്ളവരാണ്. ഇവര്‍ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാന്‍ കഴിഞ്ഞിട്ടില്ല. ജനുവരി 11നാണ് മുനമ്പത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അമ്പതോളം ബാഗുകള്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം സമീപ സ്ഥലങ്ങളില്‍നിന്ന് കൂടുതല്‍ ബാഗുകളും തിരിച്ചറിയല്‍ കാര്‍ഡുകളടക്കം രേഖകളും കിട്ടി. ബോട്ടില്‍ ആള് കൂടിയപ്പോള്‍ സാധനസാമഗ്രികള്‍ ഉപേക്ഷിച്ചതാകാം എന്നായിരുന്നു പൊലീസ് അനുമാനം. ബാഗുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം സംഭവം മനുഷ്യക്കടത്താണെന്ന നിഗമനത്തിലാണ് പൊലീസിനെ എത്തിച്ചത്.
ശ്രീകാന്തന്‍, സെല്‍വന്‍ എന്നിവരാണ് സൂത്രധാരന്മാര്‍ എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഡല്‍ഹിയില്‍നിന്ന് തമിഴ്‌നാട്ടില്‍നിന്നുമുള്ള പത്തോളം ഇടനിലക്കാരുടെ സഹായത്തോടെ ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തോതില്‍ പണംവാങ്ങി ആളുകളെ കടത്തിയെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments