തൃശൂര്‍ : കാര്‍ട്ടൂണ്‍ പുരസ്‌കാരവിഷയത്തില്‍ ജൂറി തീരുമാനത്തെ പിന്തുണയ്ക്കുന്നെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്. മികച്ച ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്നും ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുകയെന്ന ലക്ഷ്യമാണിതിനു പിന്നിലെന്നും കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അഭിപ്രായപ്പെട്ടിരുന്നു.
പുരസ്‌കാരം പിന്‍വലിക്കണമെന്നും. ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മതപ്രതീകത്തെ അപമാനിച്ചതിനു ക്രിസ്തീയ സമൂഹത്തോടും കേരള ലളിതകലാ അക്കാദമി മാപ്പുപറയണമെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ആവശ്യപ്പെട്ടിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാര്‍ട്ടൂണിലെ പ്രമേയമാണ് വിവാദമായത്.
മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചതിനോടു സര്‍ക്കാരിനു യോജിപ്പില്ലെന്നും ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ പുനഃപരിശോധിക്കണമെന്നും ലളിതകലാ അക്കാദമിയോട് ആവശ്യപ്പെട്ടെന്നും മന്ത്രി എ.കെ ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. എന്നാല്‍ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതു ഗൗരവകരമായി കാണും. ഒരു മതത്തിന്റെയും വിശ്വാസങ്ങളെ ഹനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments