KeralaLatest NewsIndia

പാതിവഴിയില്‍ മടങ്ങിയത് കാടിന്റെ പ്രിയപ്പെട്ട മകന്‍: പരിസ്‌ഥിതി പ്രവര്‍ത്തകന്‍ ബൈജു കെ. വാസുദേവന്റെ അകാല വിയോഗത്തിൽ തേങ്ങി നാട്

അജ്‌ഞാത വാഹനമിടിച്ചു മരിച്ച ആണ്‍ വേഴാമ്പലിനെ വഴിയരികില്‍ കണ്ട ബൈജു, വേഴാമ്പലിന്റെ കുഞ്ഞുങ്ങളെ തേടി കാട്ടിലലഞ്ഞ്‌ അവരെ കണ്ടെത്തി സംരക്ഷകനായി.

തൃശൂര്‍: കാട്ടരുവിയും കാട്ടാറുകളും വിറങ്ങലിച്ചു നിന്നിട്ടുണ്ടാവണം, കൊടുങ്കാറ്റിലും ഉലയാത്ത മഹാമേരുക്കളുടെ ഉള്ളൊന്നു കിടുങ്ങിയിട്ടുണ്ടാവണം അവരുടെ മകനായ ബൈജുവിന്റെ അകാല വിയോഗ വാര്‍ത്തയറിഞ്ഞ്‌. കാടുമായി അത്രയേറെ ഇടപഴകിയ വ്യക്‌തിയായിരുന്നു ബൈജു കെ. വാസുദേവന്‍. കാടിനു കാവലായും കാട്ടുപക്ഷികള്‍ക്കു കരുതലായും സൗഹൃദങ്ങള്‍ക്കു സ്‌നേഹമായും നിന്നിരുന്ന ബൈജു ഇനിയില്ല. ടാങ്കിനു മുകളില്‍നിന്നു വഴുതിവീണാണ് പരിസ്‌ഥിതി പ്രവര്‍ത്തകന്‍ ബൈജു കെ. വാസുദേവന്‍ (43) മരണമടഞ്ഞത്.

പരിസ്‌ഥിതി പ്രവര്‍ത്തകന്‍, പ്രകൃതി സ്‌നേഹി, കലാകാരന്‍ എന്നീ നിലകളിലാണ്‌ ബൈജു വാസുദേവന്‍ അറിയപ്പെട്ടിരുന്നത്‌.അജ്‌ഞാത വാഹനമിടിച്ചു മരിച്ച ആണ്‍ വേഴാമ്പലിനെ വഴിയരികില്‍ കണ്ട ബൈജു, വേഴാമ്പലിന്റെ കുഞ്ഞുങ്ങളെ തേടി കാട്ടിലലഞ്ഞ്‌ അവരെ കണ്ടെത്തി സംരക്ഷകനായി. അതോടെയാണ്‌ അദ്ദേഹം മാധ്യമശ്രദ്ധ നേടിയത്‌. ബാംബൂ കോര്‍പ്പറേഷന്‍ ജീവനക്കാരനായ വാസുദേവന്റെയും നബീസയുടെയും മൂത്ത പുത്രനായി അതിരപ്പിള്ളിയില്‍ കാടിനരികിലെ വീട്ടില്‍ ജനിച്ചു, സസ്യലതാദികളും വന്യമൃഗങ്ങളും നിറഞ്ഞ കൊടുംകാട്ടില്‍ വളര്‍ന്നു.

പത്താം വയസിലാണ്‌ ആദ്യമായി കാടുകയറിയത്‌. ആദിവാസികള്‍ ബൈജുവിനെ കാടിനു പരിചയപ്പെടുത്തിക്കൊടുത്തു. പക്ഷിമൃഗാദികളുടെ ഒച്ചകളില്‍നിന്ന്‌ അപകടം തിരിച്ചറിയുന്നതെങ്ങനെ, രാത്രിപക്ഷിയായ നിലക്കൂളന്‍ പകല്‍ കൂവുന്നതു കാട്ടാനക്കൂട്ടം ആ വഴിക്കു വരുന്നതിനുള്ള സൂചനയാണ്‌ എന്നിങ്ങനെ കാടുമായി ബന്ധമുള്ള എല്ലാ കാര്യങ്ങളും ആഴത്തില്‍ത്തന്നെ ബൈജു മനസിലാക്കി.ബൈജു പത്താം ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കി നിന്ന സമയത്ത്‌ ഫോറസ്‌റ്റ്‌ ഗാര്‍ഡര്‍മാര്‍ക്കുവേണ്ടിയുള്ള റിക്രൂട്ട്‌മെന്റ്‌ ക്യാമ്പിൽ പങ്കെടുത്തതു വഴിത്തിരിവായി.

കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വനം ഉദ്യോഗസ്‌ഥരില്‍നിന്നു തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം കാടിനെയും മൃഗങ്ങളെയും സംരക്ഷിക്കാനുള്ളതായി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേയുള്ള സമരം, ശാന്തിവനം സമരം എന്നിവയിലാണ്‌ ബൈജു അവസാനമായി പങ്കെടുത്തത്‌. കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ കോളജ്‌ ഓഫ്‌ ഫോറസ്‌ട്രിയില്‍ വിസിറ്റിങ്‌ ഫാക്കല്‍റ്റിയായ ബൈജു വനംവകുപ്പിന്റെ പരിസ്‌ഥിതി സാക്ഷരതാ യജ്‌ഞത്തിലും സജീവ സാന്നിധ്യമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ്‌ അതിരപ്പിള്ളിയില്‍നിന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലന്‍സില്‍വച്ചാണ്‌ അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട്‌ നാലിന്‌ അതിരപ്പിള്ളി പുളിയിലപ്പാറയില്‍. അച്‌ഛന്‍: വാസുദേവന്‍. അമ്മ: നബീസ. ഭാര്യ: അനീഷ. മക്കള്‍: അഭിചന്ദ്രദേവ്‌, ഗിരിശങ്കര്‍ദേവ്‌, ജാനകി.

shortlink

Related Articles

Post Your Comments


Back to top button