തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളുടെ സ്വര്‍ണക്കടത്തിലെ പങ്കിനേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ശാസ്ത്രീയ തെളിവുകള്‍ പുനപരിശോധിക്കാനും നടപടി തുടങ്ങി. പ്രകാശന്‍ തമ്പിയുടെ ബന്ധുവും സ്വര്‍ണക്കടത്തിലെ പ്രതിയുമായ സുനില്‍കുമാറിനെ നാളെ ജയിലിലെത്തി ചോദ്യം ചെയ്യും.
കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും മണ്ണംന്തല സ്വദേശിയുമായ സുനില്‍കുമാറായിരുന്നു 25 കിലോ സ്വര്‍ണവുമായി വിമാനത്താവളത്തിലെത്തിയത്. പ്രകാശന്‍ തമ്പിയുടെ ബന്ധുവാണ് സുനിലെന്ന് പിന്നീട് കണ്ടെത്തി. തമ്പിയാണ് സ്വര്‍ണക്കടത്ത് റാക്കറ്റിന് പരിചയപ്പെടുത്തിയതെന്ന് സുനില്‍ ഡി.ആര്‍.ഐയ്ക്ക് മൊഴിയും നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സുനിലിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയതും അനുവദിച്ചതും. നാളെ രാവിലെ 10ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്യും. സ്വര്‍ണക്കടത്തിന് ആവശ്യമായ പണം ഇവര്‍ക്ക് എവിടെ നിന്ന് ലഭിച്ചൂവെന്നതാണ് പ്രധാന ചോദ്യം.
ബാലഭാസ്‌കറിന്റെ സമ്പത്ത് ഇതിനായി തട്ടിയെടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കും. വിദഗ്ധ സംഘത്തെ ഉപയോഗിച്ച് വാഹനത്തിന്റെ ഫൊറന്‍സിക് പരിശോധന വീണ്ടും നടത്തും. നിലവില്‍ കൊലപാതക സാധ്യതകളൊന്നും ലഭിച്ചിട്ടില്ലങ്കിലും പഴുതടച്ച അന്വേഷണം ഉറപ്പാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments