
വാടാനപ്പള്ളി: 11കാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലശേരി സന്തോഷിന്റെ മകള്‍ ലതിക (11) ആണു മരിച്ചത്. ഇടശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയുടെ വാതിലിലാണു തൂങ്ങിയനിലയില്‍ കണ്ടത്. ഇന്ന് ഉച്ചയോടെയാണു സംഭവം.
കുട്ടിയുടെ അച്ഛനമ്മമാർ കല്‍പ്പണിക്കു പോയിരിക്കുകയായിരുന്നു. രണ്ടും ആറും 13ഉം വയസുള്ള മൂന്നു സഹോദരങ്ങള്‍ക്കൊപ്പം ലതിക വാടക വീട്ടില്‍ ടിവി കണ്ടിരിക്കുകയായിരുന്നു. മൂത്രം ഒഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങിയ ലതികയെ കാണാതായതോടെ മൂന്നു സഹോദരങ്ങളും തിരക്കി പറന്പിലെ 35 മീറ്ററോളം അകലെയുള്ള കുളിമുറിക്കടുത്ത് പോയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
കുട്ടികള്‍ അറിയിച്ചതോടെ അടുത്ത വീട്ടിലെ യുവാവും യുവതിയും ഓടിവന്നു നോക്കിയപ്പോഴേയ്ക്കും മരിച്ചിരുന്നു. വാതിലില്‍ നേരത്തെ കെട്ടിയിരുന്ന തുണിവള്ളിയിലാണു തൂങ്ങിയനിലയില്‍ കണ്ടത്. കാല് നിലത്തു മുട്ടിയ നിലയിലായിരുന്നു. വാടാനപ്പള്ളി സിഐ കെ.ആര്. മധു സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തളിക്കുളം ചിലങ്ക പടിഞ്ഞാറ് എഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണു മരിച്ച ലതിക.
Post Your Comments