ഖത്തറില്‍ വേനല്‍ച്ചൂട് കാരണം തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും. ഖത്തറില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്കും മറ്റ് പുറം ജോലികളിലേര്‍പ്പെടുന്നവര്‍ക്കും നിയമം ആശ്വാസകരമാണ്. നിയമം പാലിക്കാത്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തിലാണ് ഖത്തറില്‍ തൊഴിലാളികള്‍ക്കായി ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയമത്തിന് പ്രാബല്യമുള്ളത്. ഇക്കാലയളവില്‍ ഉച്ചയ്ക്ക് മുമ്പ് 11.30 വരെയും ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ശേഷവുമാണ് പുറം ജോലി സമയം.
പതിനൊന്നേ മുപ്പത് മുതല്‍ മൂന്ന് മണി വരെയുള്ള മൂന്നര മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമവേളയാണ്. നിയമം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ന് മുതല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലിടങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും.
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ആദ്യ ഘട്ടത്തില്‍ പിഴ ശിക്ഷ ലഭിക്കും. ലംഘനം ആവര്‍ത്തിച്ചാല്‍ കമ്പനി അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. വേനല്‍ കാലത്ത് തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള നിയമം 2007 മുതലാണ് ഖത്തറില്‍ പ്രാബല്യത്തില്‍ വന്നത്.
Post Your Comments