Latest NewsKeralaIndia

ഗുരുവായൂരിൽ സമഗ്ര വികസനപദ്ധതികളുമായി മോദി ; ദേവസ്വം സമര്‍പ്പിച്ച 450 കോടിയുടെ വികസന കാര്യങ്ങളെക്കുറിച്ചു പഠിക്കാൻ ഉദ്യോഗസ്ഥനെ നിയോഗിച്ചു

കാര്യങ്ങളെ കുറിച്ച്‌ പഠിക്കാനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അടുത്തയാഴ്ച കേരളത്തില്‍ എത്തും.

ഗുരുവായൂര്‍: പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ സന്ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം തെരഞ്ഞെടുത്ത നരേന്ദ്രമോദി ഗുരുവായൂര്‍ വികസനത്തിന് പദ്ധതികളുമായി വരുന്നു. ക്ഷേത്ര നഗരിയുടെ വികസനത്തിനായി ദേവസ്വം നല്‍കിയ നിവേദനത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങളെ കുറിച്ച്‌ പഠിക്കാനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അടുത്തയാഴ്ച കേരളത്തില്‍ എത്തും.

ഈ മാസം ആദ്യം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ പ്രധാനമന്ത്രിക്ക് 450 കോടി രൂപയുടെ പദ്ധതികള്‍ കാണിച്ചുള്ള നിവേദനം ഗുരുവായൂര്‍ ദേവസ്വം സമര്‍പ്പിച്ചിരുന്നു. പൈതൃക നഗരമായി ഗുരുവായൂരിനെ മാറ്റാനുള്ള 100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പൈതൃക പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങളും നഗരവികസനവും എല്ലാം ഇതിലുണ്ടായിരുന്നു.

ബൃഹസ്പതിയും, വായുഭഗവാനും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയതിനെ ചിത്രീകരിക്കുന്ന കൂറ്റന്‍ ശില്‍പ്പ നിര്‍മാണം, നടവഴികളില്‍ കരിങ്കല്‍ പാളികള്‍ പാകല്‍ തുടങ്ങിയവ വികസന പരിപാടിയിലുണ്ട്. ഗോശാലയുടെ സംരക്ഷണം, ആനത്താവള നവീകരണം, ഗുരുവായൂര്‍ റെയില്‍വേ വികസനം, പാത വടക്കോട്ട് ബന്ധിപ്പിക്കുക, തൃശൂരിലേക്ക് മെമു ആരംഭിക്കുക, ദേശീയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള പഠനത്തിനാണ് മലയാളി ഉദ്യോഗസ്ഥന്‍ അനില്‍കുമാറിനെ നിയോഗിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button