കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഇടുക്കി കട്ടപ്പന വണ്ടന്‍മേട് കരിമ്പനക്കല്‍ പരേതനായ ജോസഫ് ചാക്കോയുടെയും നിര്‍മലയുടെയും മകള്‍ നിബിയ മേരി ജോസഫിന്റെ (25) അവയവങ്ങള്‍ ആറ് പേര്‍ക്ക് പുതിയ ജീവനേകും. വെള്ളിയാഴ്ച രാവിലെയാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന നിബിയയുടെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനം നടത്താന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് അവയവങ്ങള്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്തത്.
നിബിയയുടെ ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പാന്‍ക്രിയയും മറ്റൊരു വൃക്കയും എറണാകുളം അമൃത ആശുപത്രിയിലും കണ്ണിന്റെ കോര്‍ണിയ എറണാകുളം ഗിരിധര്‍ ഐ ഹോസ്പിറ്റലിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കാണ് ദാനം ചെയ്തത്. കരള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തെന്നയുള്ള രോഗിക്കാണ് നല്‍കിയത്.
ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ്, ന്യൂറോസര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഷിജോയ് പി. ജോഷ്വ, ഇന്റഗ്രേറ്റഡ് ലിവര്‍കെയര്‍ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. റോമ്മല്‍ എസ്, കോട്ടയം മെഡിക്കല്‍ കോളേജ് ലീഡ് സര്‍ജറി വിഭാഗത്തിലെ ഡോ. ജയകുമാര്‍ എന്നിവര്‍ അടങ്ങു മെഡിക്കല്‍ സംഘമാണ് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
Post Your Comments