KeralaLatest News

ഒടുവില്‍ സമരം ഫലം കണ്ടു; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയുടെ കാര്യത്തില്‍ പുതിയ തീരുമാനം ഇങ്ങനെ

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക വിപുലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഒടുവില്‍ ഫലം കണ്ടു. 511 പേരെ കൂടി ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക വിപുലപ്പെടുത്തി. ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയത്. ഇരകളുടെ പുനഃരധിവാസവും മെഡിക്കല്‍ കോളേജ് നിര്‍മ്മാണവും വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനം.

2017 ഏപ്രിലില്‍ കാസര്‍ഗോഡു നടന്ന മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്തവരില്‍നിന്നാണ് ദുരിതബാധിതരുടെ പട്ടിക തയാറാക്കിയത്. ഇതില്‍ 1905 പേരുടെ പട്ടിക അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഈ പട്ടികയില്‍ വീണ്ടും പരിശോധനയ്ക്കു തയാറാണെന്നും പട്ടിക അതേപടി അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഇതോടെയാണ് റവന്യൂ മന്ത്രിയും ആരോഗ്യമന്ത്രിയുമായുമായി ദുരിത ബാധിതര്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞത്. പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റുള്ളവര്‍ക്കായി വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും.

ഈ മാസം 25 മുതല്‍ ജൂലൈ 9 വരെ പതിമൂന്ന് സ്ഥലങ്ങളിലായാണ് ക്യാമ്പ് നടത്തുക. എന്‍ഡോസള്‍ഫാന്‍ പുനഃരധിവാസ ഗ്രാമം പദ്ധതിയും മെഡിക്കല്‍ കോളേജും ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സെല്ല് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വീണ്ടും സമരം നടന്നതിനെ തുടര്‍ന്ന് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്ല് യോഗത്തിലാണ് തീരുമാനം. ഇരകളെ കണ്ടെത്തുന്നതിനായി നേരത്തെ നടത്തിയ ക്യാമ്പുകളില്‍ പങ്കെടുത്തവരും എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമായ 18 വയസിന് താഴെ ഉള്ളവരെയാണ് പുതുതായി ചേര്‍ത്തത്. ഇതോടെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടവുടെ എണ്ണം 6727 ആയി.

shortlink

Post Your Comments


Back to top button