പുനെ: രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന പോലീസ് തങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്നാരോപിച്ച് പുനെയില്‍ ലൈംഗികത്തൊഴിലാളികള്‍ സമരത്തില്‍. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പോലീസ് നടത്തിയ അതിക്രമം തങ്ങളുടെ തൊഴിലിനെ ബാധിച്ചുവെന്നും അരക്ഷിതമായ സാഹചര്യത്തില്‍ കുറഞ്ഞ കൂലിയില്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതമായെന്നും ചൂണ്ടിക്കാട്ടിയാണ് അവര്‍ സമരത്തിനിറങ്ങിയത്. ഇതില്‍ പലരും പോലീസിനെ പേടിച്ച് അഭയ കേന്ദ്രങ്ങളിലേക്കു മാറി. പുനെയിലെ ബുധ്വാര്‍ പേട്ടിലെ തൊഴിലാളികളെയാണ് ഇതേറെയും ബാധിച്ചത്.
പോലീസ് രേഖകള്‍ പ്രകാരം 2,100-ഓളം ലൈംഗികത്തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. കൂടാതെ ആയിരത്തോളം പേര്‍ ഇവിടെയെത്തി തൊഴില്‍ ചെയ്ത് മടങ്ങുന്നുമുണ്ട്. ജനുവരിയിലാണ് പുനെ പോലീസ് ലൈംഗികത്തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ രേഖകള്‍ കൊണ്ടുനടക്കുന്നതിലെ ബുദ്ധിമുട്ട് അവര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു കാര്യങ്ങളെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെയും ബംഗ്ലാദേശി ലൈംഗികത്തൊഴിലാളികളെയും രക്ഷിക്കാനുള്ള നടപടിക്രമമായിരുന്നു തങ്ങള്‍ സ്വീകരിച്ചതെന്നാണ് പോലീസ്് പറയുന്നത്. ഭൂരിഭാഗം പേരെയും തങ്ങള്‍ അഭയ കേന്ദ്രങ്ങളിലേക്കു മാറ്റിയതായും പോലീസ് പ്രതികരിച്ചു.
എന്നാല്‍ പരിശോധനയ്ക്കെത്തിയ പോലീ്‌സുകാര്‍ ഇവരുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകര്‍ത്തുകയും അവ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തത് അവരുടെ തൊഴിലിനെ ബാധിച്ചിട്ടുണ്ടെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു. സന്നദ്ധസംഘടനകളായ സഹേലി സംഘ്, മഹിളാ സര്‍വാംഗീന്‍ ഉത്കര്‍ഷ് മണ്ഡല്‍ എന്നിവരാണ് ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തിയത്. പോലീസ് തങ്ങളെ ശാരീരികമായി ഉപദ്രവിച്ചെന്ന് ഒരാള്‍ ഈ സംഘടനകളോടു പറഞ്ഞു. തങ്ങളുടെ തൊഴില്‍ തടസ്സപ്പെടുത്താന്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വഴിയില്‍ ബാരിക്കേഡുകള്‍ വെച്ചെന്നും അവര്‍ ആരോപിക്കുന്നു.
Post Your Comments