Latest NewsIndia

ആഭ്യന്തര വിപണിയില്‍ റബ്ബറിന് ക്ഷാമം; വില കുതിച്ചുയരുന്നു

കോട്ടയം: റബ്ബര്‍ വില ഉയര്‍ന്നിട്ടും വില്‍ക്കാന്‍ റബറില്ലാതെ കര്‍ഷകര്‍. 150 രൂപയാണ് റബ്ബറിന്റെ ഇപ്പോഴത്തെ വില. നേരത്തെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് വ്യാപാരികളും കര്‍ഷകരും സംഭരണം നിര്‍ത്തിയതു കാരണമാണ് ആഭ്യന്തര വിപണിയില്‍ റബറിന് ക്ഷാമം നേരിടുന്നത്. ഷീറ്റ് റബറില്‍ നിന്നും ലാറ്റക്‌സിലേക്ക് കര്‍ഷകര്‍ മാറിയതും തിരിച്ചടിക്കിടയായി.

2017 ജൂണിലായിരുന്നു റബര്‍ വില 150 കടന്നത്. അന്ന് 165 രൂപ വരെയെത്തിയ റബര്‍ വില പിന്നീട് 110 ലേക്ക് താഴുകയായിരുന്നു. ഇതിന് ശേഷം ഇന്നലെയാണ് റബ്ബര്‍ വില 150 കടന്നത്. കോട്ടയത്ത് 155 രൂപയ്ക്ക് വരെ വ്യാപാരം നടന്നു. ചരക്ക് കിട്ടാനുള്ള താമസവും വിലവര്‍ദ്ദനയും കാരണം ആഭ്യന്തര വിപണിയിലാണ് ടയര്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

രാജ്യാന്തര വിപണി വിലയും 35 ശതമാനം നികുതി കൂടിയാകുമ്പോള്‍ ആഭ്യന്തര വിപണിയാണ് കമ്പനികള്‍ക്ക് ലാഭം. എന്നാല്‍ കാലാകാലങ്ങളായി വില കൂപ്പുകുത്തുന്നത് കാരണം ഇപ്പോള്‍ കര്‍ഷകരും വ്യാപാരികളും പഴയതു പോലെ റബര്‍ ശേഖരിക്കുന്നില്ല. ആഭ്യന്തര വിപണി തേടിയിറങ്ങിയ കമ്പനികള്‍ക്കാകട്ടെ റബര്‍ കിട്ടാനില്ലാത്ത അവസ്ഥയും. റബര്‍ ബോര്‍ഡ് നല്‍കുന്നതിനേക്കാള്‍ അഞ്ച് രൂപ വരെ കൂട്ടി നല്‍കാന്‍ ടയര്‍ കമ്പനികള്‍ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button