കൊച്ചി: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. പഞ്ചവാദ്യരംഗത്ത് തിമില വിദഗ്ദ്ധരില്‍ പ്രഥമ ഗണനീയനായ കലാകാരനായിരുന്നു.തിമിലയില്‍ ഏറെ ശിശ്യന്മാര്‍ മാരാര്‍ക്കുണ്ട്. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അന്ത്യം.
15-നു പിറന്നാള്‍ ആഘോഷിക്കാനിരിക്കേയാണ് ആരാധകരെ കണ്ണീരിലാഴ്‌ത്തിയ വിയോഗം. പ്രമേഹബാധിതനായിരുന്ന അദ്ദേഹം കരള്‍, വൃക്കരോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു. പരമേശ്വരമാരാര്‍ 14 വര്‍ഷം തൃശൂര്‍ പൂരം മഠത്തില്‍വരവിന്റെ മേളപ്രമാണിയായിരുന്നു. 1972മുതല്‍ തൃശൂര്‍ പൂരംമഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ പങ്കെടുത്തു. തിമിലയില്‍ അദ്ദേഹം താളമിടുന്നതോടെയാണു തിരുവമ്പാടിയുടെ പഞ്ചവാദ്യം ആരംഭിച്ചിരുന്നത്.
45 വര്‍ഷം തൃശൂര്‍ പൂരത്തിനു മേളമൊരുക്കിയ പരമേശ്വര മാരാര്‍ക്കു ലക്ഷക്കണക്കിന് ആരാധകരും വന്‍ശിഷ്യഗണവുമുണ്ട്. അനാരോഗ്യത്തേത്തുടര്‍ന്ന് മൂന്നുവര്‍ഷമായി തൃശൂര്‍ പൂരത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഒട്ടേറെ വിദേശരാജ്യങ്ങളില്‍ പഞ്ചവാദ്യസംഘവുമായി പര്യടനം നടത്തി. മൃതദേഹം വൈകിട്ട് ആറരയോടെ തൃശൂര്‍ കൊടകരയിലെ വസതിയിലേക്കു കൊണ്ടുപോയി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പാമ്പാടി ഐവര്‍മഠത്തില്‍.
Post Your Comments