
കോട്ടയം: നഴ്സിംഗ് രജിസ്ട്രേഷനിടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ നഴ്സുമാര്‍ക്കായി വിതരണം ചെയ്യുന്ന ഏകീകൃത തിരിച്ചറിയല്‍ (എന്‍യുഐഡി) കാര്‍ഡ് രജിസ്ട്രേഷനിടെയായിരുന്നു സംഘര്‍ഷം. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നഴ്സുമാര്‍ക്ക് രജിസ്ട്രേഷനായി ജനറല്‍ ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള മുറിയില്‍ രാവിലെ മുതല്‍ തിരക്കായിരുന്നു. ആശുപത്രിയിലെ നാലാം വാര്‍ഡിനു സമീപമാണ് ഇവര്‍ക്ക് മുറി അനുവദിച്ചിരിക്കുന്നത്.
ഉച്ചയോടെ തിരക്ക് വര്‍ധിച്ചു. തിരക്ക് ക്രമാതീതമായി വര്‍ധിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. ഉന്തും തള്ളിനുമിടയില്‍ ചിലരുടെ കൈവശമിരുന്ന രേഖകള്‍ താഴെ വീഴുകയും നഷ്ടപ്പെടുകയും ചെയ്തു. ഇതേ ചൊല്ലിയാണ് ആദ്യം വാക്കുതര്‍ക്കമുണ്ടായത്. പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മുന്നൂറോളം നഴ്സുമാരാണ് രജിസ്ട്രേഷനായി എത്തിയത്.
Post Your Comments