കൊച്ചി: നിപ രോഗലക്ഷത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ പരിശോധനാ ഫലം കൂടി ഇന്നെത്തും. കളമശേരിയിലും തൃശൂരിലുമായി കഴിയുന്നവരുടെ പരിശോധന ഫലമാണ് ഇന്നെത്തുക. ദിവസങ്ങള്‍ പിന്നിടുന്തോറും നിപ ഭീതി ഒഴിയുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
അതേസമയം വൈറസ് ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. വിദ്യാര്‍ത്ഥിക്ക് പരസഹായം കൂടാതെ നടക്കാന്‍ കഴിയും. എന്നാല്‍ വൈറസ് ബാധയുടെ സംശയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന ഏഴ് പേരില്‍ ഒരാളെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, മറ്റൊരാളെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇയാള്‍ക്ക് പുറമെ തൃശ്ശൂരിലെ ആശുപത്രിയില്‍ ഉള്ള ഒരാളുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
നിപ ബാധിതനുമായി ഇടപഴകിയ 329 പേര്‍ക്കും നിപ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ഇരുപത്തിയൊന്ന് ദിവസം ജാഗ്രതാ തുടരാന്‍ ആണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരേ സമയം 30 പേരെ കിടത്താവുന്ന പുതിയ ഐസോലേഷന്‍ വാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നുള്ള ഡോ.അശുതോഷിന്റെ നേതൃത്വത്തിലുള്ള പുതിയ മൂന്നംഗ സംഘം പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തു. വൈറസിന്റെ ഉറവിടം കണ്ടെത്താനായി പറവൂരിലും തൊടുപുഴയിലുമായി വൗവ്വാലുകളെ പിടികൂടി സാമ്പിളുകള്‍ ശേഖരിച്ച് വരികയാണ്.
Post Your Comments