തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. വഴിയാത്രക്കാരായ ചാക്ക പുള്ളിലൈന്‍ സ്വദേശി രാധാകൃഷ്ണന്, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഇവര്‍ പൊട്ടി വീണ വൈദ്യുതകമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്.
വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ട് പേര് ഷോക്കേറ്റ് കിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു. ഷോക്കേറ്റ രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കെ എസ് സി ബി അടിയന്തരമായി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ വിവിധയിടങ്ങള്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. കാറ്റില്‍ മരം വീണും മറ്റും പലയിടങ്ങളിലും വൈദ്യുതബന്ധം നിലച്ചു. അതേസമയം, തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കണ്ണൂരും കോഴിക്കോട്ടും നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments