Latest NewsArticleKerala

”എണ്ണക്കറുപ്പിന്റെ ഏഴഴകില്‍” വിടര്‍ന്നൊരു സംഗീത പ്രണയത്തിന്റെ സഞ്ചാര വഴികളിലൂടെ

അഞ്ജു പാര്‍വതി പ്രഭീഷ്‌

പ്രവാസത്തിന്റെ വരള്‍ച്ചയില്‍ തളര്‍ന്നുമയങ്ങുമ്പോള്‍ ചിലപ്പോഴൊക്കെ ബാല്യവും കൗമാരവും തീക്ഷ്ണമായ യൗവനവും പ്രണയവും സമ്മാനിച്ച ഓര്‍മകള്‍ ഒരു കണ്ണാടിച്ചില്ലെന്ന പോലെ തെളിഞ്ഞു വരും. ചിന്തകള്‍ കൊണ്ടും സ്വഭാവരീതി കൊണ്ടും മറ്റ് നാട്ടുകാരേക്കാള്‍ വ്യത്യസ്തരാണ് മലയാളികളെന്നും എത്ര ദൂരങ്ങള്‍ താണ്ടിയാലും നാടിന്റെ വേര് മുറിച്ചു കളയാന്‍ മലയാളിക്ക് കഴിയില്ലായെന്നും ആ കണ്ണാടി ചില്ല് ഉറക്കെയുറക്കെ പറയും.ഗൃഹാതുരതയുടെ നനുത്ത സ്പര്‍ശമുള്ള ഇളംകാറ്റിനൊപ്പം മനസ്സിലപ്പോള്‍ എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയ പാട്ടുകളുടെ വേനല്‍മഴ പെയ്യാന്‍ തുടങ്ങും.കൂലംകുത്തി വരുന്ന ഓര്‍മകളില്‍ നിറയെയും പാട്ടുകളാണ് അപ്പോള്‍! ആ പാട്ടുകളുടെ മഴത്തുള്ളികിലുക്കത്തിനൊരു പേരേയുള്ളു!ആ പേരാണ് ഈസ്റ്റ്‌കോസ്റ്റ്!

radio

എന്നുമുതലാണ് എന്നിലെ പാട്ടോര്‍മ്മകള്‍ക്ക് ഈ പേരുമായി ഇഴ പിരിക്കാനാവാത്ത വിധമുള്ള അടുപ്പം വന്നുതുടങ്ങിയതെന്ന് കൃത്യമായി ഓര്‍ത്തെടുക്കാനാവുന്നില്ല. പാട്ടെന്നാല്‍ ആകാശവാണിയിലെ കേള്‍വിയും ദൂരദര്‍ശനിലെ ചിത്രഗീതവുമായിരുന്ന ബാല്യത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയിരുന്നത് അടിപൊളി സംഗീതത്തിനൊപ്പമുള്ള നൃത്തചുവടുകളുമായെത്തിയ രാമായണക്കാറ്റിനോടും പടകാളിയോടും ചിക് പുക് ചിക് പുക് റെയിലിനോടും മറ്റുമായിരുന്നു.എന്നിരുന്നാലും ആദ്യമായി മനസ്സില്‍ പതിഞ്ഞ പാട്ട് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളിലെ കണ്ണാംതുമ്പീ പോരാമോയെന്നതാണ്.

കൗമാരത്തിന്റെ ഇളംവെയിലില്‍ ചങ്ങാതിമരത്തണലില്‍ കൂട്ടുകാരികള്‍ക്കൊപ്പം ഒരു വൈകുന്നേരം ചുമ്മാ സംസാരിച്ചിരിക്കും നേരത്താണ് എണ്ണക്കറുപ്പിനിത്രയും അഴുകുണ്ടെന്ന് ഞാനറിയുന്നത്.എവിടെ നിന്നോ വന്ന് എന്നിലേയ്ക്ക് പെയ്തിറങ്ങിയ എന്റെ പ്രിയഗാനമായിരുന്നു ‘എണ്ണക്കറുപ്പിനേഴഴക് ,എന്റെ കണ്‍മണിക്കോ നിറയഴക് ‘എന്ന ഗാനം.അന്നാദ്യമായാണ് മലയാളത്തിലെ ആദ്യ ആല്‍ബമായ ‘നിനക്കായ്’ എന്നതിനെ കുറിച്ചും ആ ആല്‍ബമിറക്കിയ ശ്രീ.ഈസ്റ്റ്‌കോസ്റ്റ് വിജയനെ കുറിച്ചും ഈസ്റ്റ്‌കോസ്റ്റ് എന്ന ബാനറിനെ കുറിച്ചും അറിയുന്നത്.പിന്നീട് ഓവര്‍ബ്രിഡ്ജിലെ ആര്‍ച്ചീസില്‍ പോയി ആ കാസറ്റ് വാങ്ങുകയായിരുന്നു.

ennakaruppin ezhazhaku

കൗമാരത്തിന്റെ പൂവനങ്ങളില്‍ വര്‍ണ്ണത്തുമ്പികളായി പറന്നു നടക്കുന്ന കൂട്ടുകാരികള്‍ക്ക് എന്നേക്കാള്‍ ഉണ്ടായിരുന്ന വെളുത്തനിറം പലപ്പോഴും എന്നില്‍ അസഹൃതയുടെയും ആത്മവിശ്വാസക്കുറവിന്റെയും നേര്‍ത്ത അസൂയയുടെയും വലയങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആത്മസ്വത്വത്തിലേയ്ക്ക് അറച്ചും പകച്ചും എത്തി നോക്കുന്ന ഒരു പെണ്‍കുട്ടിയുടെ വിഹ്വലതകള്‍ നിറഞ്ഞ കാല്‍പനിക മനസ്സിനു എണ്ണക്കറുപ്പിനേഴഴക് എന്ന ആ പാട്ട് നല്കിയ ആത്മവിശ്വാസം അത്രമേല്‍ വലുതായിരുന്നു. ആ വരികള്‍ തനിക്കായി മാത്രം എഴുതിയതെന്നു കരുതി നടന്ന ഒരുവള്‍ക്ക് ആ വരികളെഴുതിയ ആളോടും പാടിയ പ്രദീപ് സോമസുന്ദരത്തോടും സംഗീതപകര്‍ന്ന തന്ത്രികളോടും തോന്നിയ വികാരം ആരാധനയുടെ അതിരുകള്‍ക്കപ്പുറമായിരുന്നു. അവിടെ തുടങ്ങുന്നു എന്റെ പാട്ടോര്‍മ്മകളുടെ ഈസ്റ്റ്‌കോസ്റ്റ് കാലം.

aadhyamayi

ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ച പെണ്‍കുട്ടിക്കാലത്തിനൊപ്പം ഈസ്റ്റ്‌കോസ്റ്റിന്റെ ആല്‍ബങ്ങളെല്ലാം കൂട്ടായി ഉണ്ടായിരുന്നു.ഒപ്പം ഫാല്‍ഗുനി പഥക്കിന്റെ ആല്‍ബങ്ങളും!ആദ്യമായ് എന്ന ആല്‍ബത്തിലെ ‘ഇനി ആര്‍ക്കും ആരോടും ഇത്രമേല്‍ തോന്നാത്തതെന്തോ,അതാണെന്‍ സഖിയോടുള്ളതെന്നു ദാസേട്ടന്റെ ശബ്ദത്തില്‍ കേട്ടപ്പോള്‍ ,രാധികയും റിയാസും അത് ദൃശ്യാനുഭവമായി തന്നപ്പോള്‍ പ്രിയനില്ലാതിരുന്നിട്ടും പ്രണയത്തിന്റെ തീ കോരിയിട്ട അനുഭവം തന്ന വരികളായി മാറി.പ്രണയത്തിന്റെയും ഹൃദയം നോവുന്ന സങ്കടങ്ങളുടെയും നനവാര്‍ന്ന ഗൃഹാതുരതയുടെ ഓര്‍മ്മകള്‍ ഒരു ഗാനത്തിലൂടെ മലയാളികള്‍ ഒന്നടങ്കം അനുഭവിച്ചറിഞ്ഞത് ഇനിയും തോഴി പുനര്‍ജനിക്കാം എന്ന പാട്ടിലൂടെയായിരുന്നു.വീണ്ടുമത് നോവായി നീറിപ്പടര്‍ന്നത് ബാലഭാസ്‌കറിന്റെ വിയോഗത്തിന്റെ ശൂന്യതയുണര്‍ത്തിയ നാളുകളിലുമായിരുന്നു. ഓര്‍മ്മയ്ക്കായി എന്ന ആല്‍ബത്തിലെ പാട്ടുകള്‍ കേട്ടപ്പോള്‍ അത് മുന്‍പ് എപ്പോഴോ നമുക്കൊപ്പം കൂടിയതാണെന്നു തോന്നിപ്പോയത് എനിക്ക് മാത്രമായിരുന്നുവോ?പലപ്പോഴും ആ പാട്ടുകള്‍ക്ക് എന്നോട് മാത്രമായി പലതും പറയാനുണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്.

ഓര്‍മ്മക്കായ് ഇനിയൊരു സ്‌നേഹഗീതം..
ആദ്യമായ് പാടുമെന്‍ ആത്മഗീതം..
നിനക്കായ് കരുതിയൊരിഷ്ട ഗീതം..
രാഗ സാന്ദ്രമാം ഹൃദയഗീതം.

ആദ്യമായി ഈ വരികള്‍ കേള്‍ക്കുമ്പോള്‍ എനിക്കാരോടും പ്രണയമില്ലായിരുന്നു.എന്നിട്ടും ഈ വരികള്‍ ഞാന്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ചത് എന്നോ വരുമെന്നു കൊതിയോടെ കാത്തിരുന്ന ആ ഒരാള്‍ക്കുവേണ്ടിയായിരുന്നു.ഈസ്റ്റ് കോസ്റ്റിന്റെ ഫാമിലി ക്ലബ്ബ് തന്നെ ആ ഒരാളെ എനിക്കായി കാട്ടിത്തന്നതും നിയതി കാത്തുവച്ചിരുന്നൊരു മനോഹരമായ സമ്മാനം. ‘ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം, എന്നോ ഒരു നാളില്‍ ഒന്നു ചേര്‍ന്നു’.വരികള്‍ അറംപറ്റിയതു ജീവിതത്തിലെന്നതു ഏറ്റവും വലിയൊരു യാഥാര്‍ത്ഥ്യവുമായി.

onninumalladhe

അത്രമേല്‍ പ്രിയപ്പെട്ട വരികളെഴുതി എന്നെ വിസ്മയിപ്പിച്ചൊരാള്‍ ഒരുക്കുന്ന സിനിമയ്ക്കായി കാത്തിരുന്ന നാളുകള്‍ യാഥാര്‍ത്ഥ്യമായത് നോവലിലൂടെ.ശ്രീ.ഈസ്റ്റ് കോസ്റ്റ് വിജയന്റെ സൂപ്പര്‍ഹിറ്റ് ആല്‍ബം സോംഗുകള്‍ ചിത്രത്തില്‍ അവസരോചിതമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടായിരുന്ന നോവല്‍ പറയാതെ പറഞ്ഞ,അറിയാതെ അറിഞ്ഞ പ്രണയനൊമ്പരത്തിന്റെ കഥയായി മനസിലെവിടെയോ വേദനയായി മാറിയ ഒരു ചിത്രമായിരുന്നു.വിവാഹശേഷം പ്രവാസത്തിന്റെ വേനലില്‍ വിരഹാഗ്‌നിയില്‍ വെന്തെരിഞ്ഞപ്പോള്‍ കൂടെ ഞാനെപ്പോഴും കൂട്ടിയ പാട്ടുകളായിരുന്നു നോവലിലെ എന്നിണക്കിളിയും ഒന്നിനുമല്ലാതെയും.ഓര്‍മ്മകള്‍ക്ക് മുകളില്‍ വീണ്ടും പ്രണയം പെയ്യുന്നുണ്ടെന്നും നിലാവ് അതിനു മുകളില്‍ നീണ്ട വിരിപ്പ് നീര്‍ത്തുന്നുണ്ടെന്നും ആ വരികള്‍ എന്നോട് പറഞ്ഞുക്കൊണ്ടിരുന്നു.

ന്യൂ ജനറേഷന്‍ എന്ന പേരുമിട്ട് വരുന്ന അശ്ലീലക്കാഴ്ചകള്‍ക്കിടയില്‍ കുടുംബസമേതം കാണാന്‍ പറ്റുന്ന ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറായിരുന്നു മൈ ബോസെന്ന സിനിമ.കുട്ടനാടന്‍ ഗ്രാമീണ ഭംഗി അതിന്റെ തനിമയോടെ വരച്ചുകാട്ടിയ മൈ ബോസും അതിലെ ഗാനങ്ങളും എന്റെ മാലദ്വീപിലെ പ്രവാസത്തിനു നല്കിയ പച്ചപ്പിന്റെ കുളിര്‍മ പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമാണ്.കുട്ടനാടന്‍ പുഞ്ചനീളേ കാറ്റു കളിയാടിയെന്ന ഗാനത്തിലെ ഒരു വരിയാണ് ‘പുന്നമടയുടെ തിരകളിലാടും പായല്‍ പച്ചപ്പില്‍, വഞ്ചിതുഴയണ ചേലിലിരിക്കും കുഞ്ഞിക്കിളിയാളേ’ !ആ വരികളെത്തുമ്പോള്‍ കണ്‍മുന്നില്‍ തെളിയും പുന്നമടക്കായലും അതിലൂടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം നടത്തിയ ഹൗസ്‌ബോട്ട് യാത്രയും.

my boss

ഒരു പടിഞ്ഞാറന്‍ കാറ്റ് വീടിന്റെ ഉമ്മറത്തെത്തി ഒന്നു ചിരിച്ചു,അകത്തേയ്ക്കു വന്നു ആത്മാവിലാകെ തണുപ്പ് പകര്‍ന്നു പോകുന്നതുപോലെയുള്ള ഒരു അനുഭവം നല്‍കിയത് ജിലേബിയിലെ ഞാനൊരു മലയാളിയെന്ന പാട്ടാണ്. ഓര്‍മ്മകളില്‍ സുഗന്ധം നിറയ്ക്കുന്ന അതിമനോഹരമായ ആ ഗാനം എത്രവട്ടം കണ്ടുവെന്നു എനിക്കുതന്നെ അറിയില്ല.ഓരോ വട്ടം കണ്ടുകഴിയുമ്പോഴും ഹൃദയത്തിനൊപ്പം മിഴികളും നിറഞ്ഞുപോകുന്നതെന്തു കൊണ്ടാകും? ആഗോളവല്‍ക്കരണവും പരിഷ്‌ക്കാരങ്ങളും സൃഷ്ടിച്ച ധാരാളിത്തത്തില്‍ മലയാണ്മയില്‍ നിന്നും നഷ്ടമായ നാട്ടിന്‍പുറവും പച്ചപ്പും നാട്ടുനന്മകളും ഒരൊറ്റഗാനത്തിലൂടെ മലയാളികള്‍ക്ക് തിരികെനല്‍കിയിരിക്കുന്നു ഈ ഗാനത്തിലൂടെ ഈസ്റ്റ്കോസ്റ്റ് വിജയന്‍.ഓരോ വരികളും കേള്‍ക്കുമ്പോള്‍ ബാല്യത്തിലെങ്ങോ ഓര്‍മ്മയില്‍ കൊളുത്തിയ നഷ്ടകാലത്തിന്റെ മണ്‍ചെരാതുകള്‍ ആവേശത്തോടെ കത്തിത്തുടങ്ങുന്നത് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. ബിജിബാലിന്റെ കേരളപഴമയുടെ തനിമയുണര്‍ത്തുന്ന രാഗതാളത്തിന്റെ അകമ്പടിയോടെ ഭാവഗായകന്‍ ശ്രീ.ജയചന്ദ്രന്റെ ശബ്ദമികവില്‍ ഗാനരംഗം ആരംഭിക്കുന്നതുതന്നെ ഒരു സാധാരണമലയാളിയുടെ കട്ടന്‍ചായ കുടിച്ചുകൊണ്ടുള്ള പത്രപാരായണത്തോടെയാണ്.അവിടെ മുതല്‍ ഗതകാലസ്മരണയുടെ കുത്തൊഴുക്കാണ് നമുക്കനുഭവപ്പെടുക.പിന്നെ കേള്‍ക്കുന്ന ഓരോ വരികളും ഹൃദയത്തെ നിറയ്ക്കുമ്പോള്‍ കാണുന്ന ഓരോ ഫ്രെയിമും കണ്ണുകളെ നിറച്ചിരുന്നു. വരികളിലൂടെ കഥകേട്ടുറങ്ങിയ കുട്ടിക്കാലത്തിലേക്ക് തിരികെനടക്കുമ്പോള്‍,മുത്തശ്ശിക്കഥ കേള്‍ക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയ ഒരു തലമുറയെ അറിയാതെ ഓര്‍ത്തുപോയിട്ടുണ്ട് ഞാന്‍. ഇപ്പോഴും ഒമാനിലെ വിരസതയാര്‍ന്ന ദിനങ്ങളില്‍ എനിക്ക് കൂട്ടാവുന്നത് ഞാനൊരു മലയാളി തന്നെ.

chila newgen

ഈയടുത്തൊരുദിവസം മസ്‌ക്കറ്റില്‍ മഴപെയ്ത ഒരു വൈകുന്നേരം ജനലരികെ നിന്ന് ഞാന്‍ കേട്ട പാട്ട് ആത്മാവിലേക്ക് അനുവാദം ചോദിക്കാതെ നടന്നുകയറിയത് ഗതകാലത്തിന്റെ നനുത്ത ഓര്‍മ്മകളുടെ പീലിയും വീശിക്കൊണ്ടായിരുന്നു.പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാമെന്ന ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങളിലെ മനോഹരഗാനം എന്നെ ആ പഴയ ഈസ്റ്റ്‌കോസ്റ്റ് ആല്‍ബങ്ങളുടെ സുവര്‍ണ്ണകാലഘട്ടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട് വീണ്ടും.ശ്രീ.വിജയന്റെ പ്രണയവരികള്‍ക്ക് ജയചന്ദ്രസംഗീതം കൂട്ടായി തേനോലുന്ന ശബ്ദവും ആലാപന മികവും സമ്മേളിച്ച, ഗന്ധര്‍വ്വഗായകനായ ശ്രീ.യേശുദാസ് പാടുമ്പോള്‍ അത് മലയാളത്തിലെ എക്കാലത്തെയും വലിയൊരു ഹിറ്റിലേയ്ക്കുള്ള പ്രയാണത്തിനു വഴിയൊരുക്കലാകുമെന്ന് തീര്‍ച്ചയാണ്.കാടിന്‍ നടുവിലെ ഒരു ചെറു അരുവിയുടെയത്രയും വിശുദ്ധിയുള്ള ആ മെലഡിയായിരിക്കും ഇനിയുള്ള എന്റെ പ്രവാസദിനങ്ങളെ സമ്പന്നമാക്കുന്നത്.ഇനി വരുംനാളുകളിലും ഓര്‍മകളുടെ പായകള്‍ കെട്ടിവരുന്ന കപ്പലുകള്‍ക്ക് പാട്ടുകളെന്നാണ് പേരെങ്കില്‍ അത് ഒഴുകുന്ന കടലിനു പേര് ഈസ്റ്റ്‌കോസ്റ്റ് എന്നു തന്നെയാവും എനിക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button