കോട്ടയം: സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനി സാന്നിധ്യം ഏറുന്നെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. പച്ചക്കറികളും പലവ്യജ്ഞനങ്ങളും ഉള്‍പ്പെടെ 18 ശതമാനത്തിലധികം ഭക്ഷ്യവസ്തുക്കളിലാണ് നിരോധിക്കപ്പെട്ട കീടനാശിനി സാന്നിധ്യം വന്‍ തോതില്‍ കണ്ടെത്തിയത്. കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണവിഭാഗം 2018 ജൂലായ് മുതല്‍ ഡിസംബര്‍ വരെ കേരളത്തിലെ വിപണിയില്‍ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഏലക്കയിലും വറ്റല്‍മുളകിലുമാണ് ഏറ്റവും അധികം കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. ശേഖരിച്ച ഏലക്കാ സാമ്പിളുകളില്‍ 75 ശതമാനത്തിലും മാരകമായ അളവില്‍ കീടനാശിനിയുണ്ട്. 2011-ല്‍ കേരളത്തില്‍ നിരോധിച്ച ട്രയസോഫാസ് ഉള്‍പ്പെടെ ഏഴ് കീടനാശിനിയുടെ സാന്നിധ്യമാണിതില്‍ കണ്ടെത്തിയത്. നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഇടുക്കി ജില്ലയില്‍ വ്യാപകമായി എത്തുന്നുവെന്നാണ് തെളിഞ്ഞത്. വിഷപ്രയോഗം ഒഴിവാക്കിയില്ലെങ്കില്‍ ഏലത്തിന് അന്താരാഷ്ട്ര വിപണിയില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. വറ്റല്‍ മുളകിന്റെ ശേഖരിച്ച സാമ്പിളുകളിലെല്ലാം കീടനാശിനിയുണ്ട്. വറ്റല്‍ മുളകില്‍ നൂറുശതമാനമാണ് കീടനാശിനി സാന്നിധ്യം.
560 ഭക്ഷ്യോത്പന്നങ്ങള്‍ പരിശോധിച്ചതില്‍ 103 ഇനങ്ങളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി. 19.70 ശതമാനം പച്ചക്കറിയിലും 5.20 ശതമാനം പഴവര്‍ഗങ്ങളിലും 52.94 ശതമാനം സുഗന്ധവ്യഞ്ജനവിളകളിലും ഹാനികരമായ കീടനാശിനിയുണ്ട്. കര്‍ഷകസംരംഭങ്ങളായ ജൈവ കടകളിലെ ഉത്പന്നങ്ങളില്‍ 27.7 ശതമാന് കീടനാശിനിയുടെ അളവ്. ഓര്‍ഗാനിക് ജൈവികം എന്ന പേരുകളില്‍ കൂടിയ വിലയീടാക്കി വില്‍പ്പന നടത്തുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും 10.16 ശതമാനത്തിനു മുകളില്‍ കീടനാശിനി അടങ്ങിയിരിക്കുന്നു. എന്നാല്‍ അരി, പയര്‍ ഇനങ്ങള്‍, റവ, സോയാബീന്‍ എന്നിവയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കറിവേപ്പില, മുന്തിരി, വറ്റല്‍മുളക്, പച്ചമുളക് എന്നിവയില്‍ നിരോധിക്കപ്പെട്ട പ്രൊഫെനോഫോസിന്റെ സാന്നിധ്യം വന്‍ തോതില്‍ കണ്ടെത്തിയിട്ടുണ്ട്. മല്ലിയില, പുതിനയില, ചുവന്ന ചീര എന്നിവയിലും വന്‍ തോതില്‍ വിഷാംശം അടങ്ങിയിരിക്കുന്നു. എന്നാല്‍ ആപ്പിളില്‍ വിഷാംശം കുറഞ്ഞതായാണ് കണ്ടെത്തല്‍. ചുവന്ന മുന്തിരിയില്‍ ഈ അളവ് ഏറിയിട്ടുണ്ട്. പച്ചച്ചീര, ബീറ്റ്‌റൂട്ട്, കറിക്കായ, വെണ്ടയ്ക്ക, ചൂരയ്ക്ക, കാബേജ്, കാരറ്റ്, കോളിഫ്ളവര്‍, അമര, ചേമ്പ്, കൂര്‍ക്ക, ചേന, മുരിങ്ങക്ക, നെല്ലിക്ക, മാങ്ങ, സവാള, ഉള്ളി, മത്തങ്ങ, സലാഡ് വെള്ളരി, തക്കാളി, ഇഞ്ചി, ഏത്തപ്പഴം, പച്ചമുന്തിരി, പേരയ്ക്ക, മാമ്പഴം, ഓറഞ്ച്, കൈതച്ചക്ക, മാതളം, സപ്പോട്ട എന്നിവയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
Post Your Comments