കൊച്ചി: നിപ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന 52 പേര്‍ക്ക് നിപ ലക്ഷണങ്ങളില്ലെന്ന് ജില്ലാ കളക്ടര്‍. ഐസൊലേഷന്‍ വാര്‍ഡിലേക്ക് പനിയും ചില രോഗലക്ഷണങ്ങളുമായി ഇന്നലെ എത്തിയ രോഗിക്കും നിപയില്ലെന്ന് പരിശോധനാ ഫലം ലഭിച്ചു. ഇതോടെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോഴുള്ള ഏഴ് പേര്‍ക്കും നിപയില്ലെന്ന് വ്യക്തമായി.
നിപ രോഗലക്ഷണങ്ങളുമായി ഇന്നലെ വരെ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്നത് 11 പേരാണ്. ഇന്നലെ അസുഖം ഭേദമായതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അഞ്ച് പേരെ ഡിസ്‍ചാര്‍ജ് ചെയ്തിരുന്നു. ഇതോടെ ഐസൊലേഷനിലുള്ളവരുടെ എണ്ണം ആറായി. ഇവര്‍ക്കും നിപയില്ലെന്ന് വ്യക്തമായെങ്കിലും നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. എന്നാല്‍ ഇന്ന് രോഗലക്ഷണങ്ങളുമായി ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഈ രോഗിക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ, ഇതുവരെയുള്ള ദിവസങ്ങളിലായി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിച്ച 12 പേര്‍ക്കും രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.
രോഗിയുമായി ബന്ധം പുലര്‍ത്തി 14 ദിവസത്തിനകമാണ് നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. തീവ്രനിരീക്ഷണത്തിലുള്ള 52 പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെയില്ലെങ്കിലും ആരോഗ്യവകുപ്പ് നിരീക്ഷണം തുടരും. ഇവരുടെ ആരോഗ്യവിവരങ്ങള്‍ കൃത്യമായി വിലയിരുത്തും.
Post Your Comments