ഹോര്‍മുസ് കടലിടുക്കിനു സമീപം മേയ് 12നു 4 എണ്ണ ടാങ്കറുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് പറയാതെ പറഞ്ഞ് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ യുഎഇ. ആക്രമണം വിദഗ്ധവും ആസൂത്രിതവുമായിരുന്നുവെന്നും ഒരു രാജ്യത്തിനു വേണ്ടിയാണ് അതു ചെയ്തതെന്നുമാണ് ആരോപണം. നോര്‍വേ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് രക്ഷാസമിതിയില്‍ യുഎഇ പ്രാഥമികാന്വേഷണ രേഖകള്‍ സമര്‍പ്പിച്ചത്.
യു.എ.ഇയിലെ ഫുജൈറക്കു സമീപം കടലില്‍ മെയ് 12-നാണ് നാല് എണ്ണ ടാങ്കര്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. സൗദിയുടെ രണ്ടും യു.എ.ഇ, നോര്‍വേ രാജ്യങ്ങളുടെ ഓരോന്നു വീതവും കപ്പലുകളാണ് ലിംപറ്റ് മൈന്‍ ആക്രമണത്തിന് ഇരയായത്. ഇറാനും അമേരിക്കക്കുമിടയിലെ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനെയായിരുന്നു ഇത്. ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ഇറാന്‍ നിഷേധിച്ചു. യു.എ.ഇ, സൗദി, നോര്‍വേ രാജ്യങ്ങളുടെ പ്രതിനിധികളാണ് സംഭവത്തെപ്പറ്റി അന്വേഷണം നടത്തുന്നത്.
റിപ്പോര്‍ട്ടില്‍ പേര് പറഞ്ഞില്ലെങ്കിലും ആക്രമണത്തിന് ഉത്തരവാദി ഇറാന്‍ ആയിരിക്കാമെന്ന് സൗദി ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ ചുമലിലാണെന്ന് പറയാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് ഐക്യ രാഷ്ട്രസഭയിലെ സൗദി അംബാസഡര്‍ അബ്ദുല്ലാ അല്‍ മുഅല്ലിമി ന്യൂയോര്‍ക്കില്‍ പറഞ്ഞു.
Post Your Comments