Latest NewsIndia

അഭിഭാഷകനോട് പൊട്ടിത്തെറിച്ച് പ്രഗ്യാസിംഗ്; കാരണമിതാണ്

മുംബൈ: മലേഗാവ് സ്ഫോടനക്കേസില്‍ കോടതിയില്‍ ഹാജരായ ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ് അഭിഭാഷകനോട് ദേഷ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പൊടിപിടിച്ച മോശം കസേര നല്‍കിയതിനെതിരെ കോടതിമുറിയില്‍ തനിക്ക് നല്ല കസേര കിട്ടിയില്ലെന്നാരോപിച്ചായിരുന്നു പ്രഗ്യാസിംഗിന്റെ രോഷപ്രകടനം. താനൊരു എംപിയാണെന്നും പ്രതികള്‍ക്ക് ഇരിക്കാന്‍ നല്ല കസേര തരാത്തത് മനുഷ്യാവകാശപ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടുമെന്നും പറഞ്ഞായിരുന്നു പ്രഗ്യാ സിംഗ് ദേഷ്യപ്പെട്ടതെന്ന് അഭിഭാഷകന്‍ രഞ്ജീത് സാംഗ്ലെ പറഞ്ഞു.

എംപിയായതുകൊണ്ട് പ്രത്യേക ഇരിപ്പിടം കിട്ടണമെന്നില്ലെന്നും കസേരയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ത്തന്നെ ജഡ്ജിയോട് പറയാമായിരുന്നല്ലോ എന്നും എന്‍ഐഎ അഭിഭാഷകന്‍ അവിനാഷ് റസല്‍ അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കില്‍ കോടതിമുറിയില്‍ സൗകര്യാനുസരണം നില്‍ക്കാനുള്ള അനുവാദം പ്രഗ്യാ സിംഗിന് ലഭിക്കുമായിരുന്നല്ലോ എന്നും അദ്ദേഹം പറഞ്ഞു.

2008 സെപ്റ്റംബര്‍ 29ന് നടന്ന മലേഗാവ് സ്ഫോടനത്തെക്കുറിച്ച് അറിവില്ലെന്നാണ് പ്രഗ്യാ സിംഗ് കോടതിയെ അറിയിച്ചത്. ‘116 സാക്ഷികളെ വിസ്തരിച്ചതില്‍ നിന്ന് സ്ഫോടനം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരാണ് നടത്തിയതെന്ന് ഞാന്‍ ചോദിക്കുന്നില്ല. അന്ന് ഒരു സ്ഫോടനം നടന്നതായി താങ്കള്‍ക്ക് അറിയാമോ’ എന്നായിരുന്നു എന്‍ഐഎ കോടതിയുടെ ചോദ്യം. അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ട് തവണ കോടതിയില്‍ ഹാജരാകാതിരുന്നതിന് ശേഷമാണ് വെള്ളിയാഴ്ച്ച പ്രഗ്യാ സിംഗ് കോടതിയിലെത്തിയത്. മൂന്നാം തവണയും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് കോടതി വ്യാഴാഴ്ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button