ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമനത്തിന്റെ (ഫോറിന് കോണ്‍ഡ്രിബ്യൂഷന്‍ റെഗുലേഷന് ആക്ട്- എഫ്.സി.ആര്.എ) പരിധിയില്‍പ്പെടുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് (എന്‍.ജി.ഒ) നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഘടനകളിലെ പ്രധാന ഭാരവാഹികളില്‍ മാറ്റമുണ്ടാവുകയാണെങ്കില്‍ അതിനു ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് അമിത് ഷാ ചുമതലയേറ്റ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.
ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകുമെങ്കിലും അതില്‍ ചില സംഘടനകളെങ്കിലും കൃത്യമായ ശ്രദ്ധ പുലര്‍ത്താത്തതാണ് പുതിയ വിജ്ഞാപനത്തിന് ഇടയാക്കിയത്. 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമനത്തിലെ സെക്ഷന്‍ 11, 12 പ്രകാരം വിദേശത്ത് നിന്ന് ധനസഹായം നേടുന്ന എല്ലാസര്‍ക്കാര്‍ ഇതര സംഘടനകളും റജിസ്ട്രേഷന് വേളയില്‍ അവയുടെ ഭാരവാഹികളെ കുറിച്ചുള്ള വിവരം നല്‍കേണ്ടതുണ്ട്. എന്നാല്‍ അതിനു ശേഷം ഭാരവാഹികളില്‍ ഉണ്ടാകുന്ന മാറ്റം പല എന്‍.ജി.ഒ കളും സര്‍ക്കാരിനെ അറിയിക്കുന്നില്ല എന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നടപടി.
വിദേശ ധനസഹായം നേടുന്ന സംഘടനകളുടെ വിവരവും അവയുടെ വിനിയോഗ മാര്‍ഗങ്ങളും കൃത്യമായി നിരീക്ഷക്കുന്ന ഓണ്‍ലൈന്‍ സംവിധാനം കഴിഞ്ഞ ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. വിദേശത്ത് എത്ര ധനസഹായമെത്തി, അത് എന്തിനെല്ലാം ഏന്തൊക്കെ മാര്‍ഗങ്ങളില്‍ ചെലവഴിക്കപ്പെട്ടുവെന്ന് ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിലയിരുത്താനാകുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.
Post Your Comments