തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന്‍ തമ്പി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ താന്‍ കൊണ്ടു പോയി എന്നാണ് പ്രകാശന്‍ തമ്പിയുടെ മൊഴിയിലുള്ളത്.
സിസിടിവി വച്ച ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സ്വര്‍ണ കടത്തു കേസില്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആയിരുന്നു പ്രകാശ് തമ്പി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കൊല്ലത്തെ ജ്യൂസ് കടയുടമ ഷംനാദ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പ്രകാശന്‍ തമ്പി കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കൊണ്ടുപോയിയെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടില്ലെന്ന് ഷംനാദ് വ്യക്തമാക്കി. പ്രകാശന്‍ തമ്പിയെ അറിയില്ലെന്നും കടയില്‍ വന്നിട്ടില്ലെന്നും ദൃശ്യങ്ങള്‍ കൊണ്ടുപോയത് പോലീസുകാരാണെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.
പുലര്‍ച്ചെ രണ്ട് മണിക്കാണ് കരിക്കിന്‍ ജ്യൂസ് കുടിക്കാന്‍ ബാലഭാസ്‌ക്കറും ഡ്രൈവറും കടയില്‍ എത്തിയത്. ആ സമയം താന്‍ ഉറങ്ങി എണീറ്റ് വന്ന് ഭാര്യക്കും മറ്റും കുടിക്കാന്‍ വേണ്ടേയെന്ന് ചോദിച്ചു. എന്നാല്‍ അവര്‍ക്ക് മൂന്നാല് ദിവസത്തെ യാത്രാക്ഷീണം ഉണ്ടെന്നും ഉറങ്ങുകയാണെന്നും ബാലഭാസ്‌കര്‍ പറഞ്ഞു. എന്നാല്‍ ബാലഭാസ്‌കര്‍ മരിച്ച ശേഷം പോലീസുകാര്‍ അന്വേഷണത്തിന് വന്നപ്പോഴാണ് വയലിനിസ്റ്റ് ബാലഭാസ്‌കറാണ് കടയില്‍വന്നതെന്ന് മനസിലായതെന്ന് ഷംനാദ് പറഞ്ഞു. നേരത്തെ ഷംനാദിന്റെ മൊഴിയെടുത്ത ശേഷമായിരുന്നു പ്രകാശിനെ ചോദ്യം ചെയ്തത്.
Post Your Comments