KeralaLatest News

വേനല്‍മഴയ്‌ക്കൊപ്പമുള്ള ഇടിമിന്നല്‍ ഏറെ അപകടകരം : ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തുറസ്സായ സ്ഥലങ്ങളിലും കുന്നിന്‍ മുകളിലും നില്‍ക്കരുത്. പെട്ടുപോയാല്‍ കുനിഞ്ഞിരിക്കുക. ചെവി പൊത്തി, കഴുത്തു മുട്ടിനിടയില്‍ തിരുകിയിരിക്കുന്നതാണ് ഉചിതം.

ടിവിയുടെ ആന്റിന, ഡിഷ്, കേബിള്‍, ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയവ വിച്ഛേദിക്കുക, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തൊടരുത്.

മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്. അധിക വൈദ്യുതി ലൈനില്‍ കയറി വന്നാല്‍ തനിയെ കട്ട് ഓഫ് ആകുന്ന സര്‍ക്യൂട്ട് ബ്രേക്കറുണ്ടെങ്കില്‍ നന്ന്. വീട്ടിലെ എര്‍ത്തിങ് പരിശോധിച്ച് പ്രവര്‍ത്തിക്കുന്നു എന്നുറപ്പു വരുത്തണം.

ഫോണിന്റെ റിസീവറില്‍ സ്പര്‍ശിക്കാതിരിക്കുക. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മിന്നലേല്‍ക്കുമെന്നത് തെറ്റിദ്ധാരണയാണ്.

ജനലിന്റെയും വാതിലിന്റെയും സമീപത്തു പോകരുത്. ചെരിപ്പു ധരിച്ചു മുറിയുടെ മധ്യഭാഗത്തു തറയില്‍ ഇരിക്കുക.

ആഭരണങ്ങളടക്കം എല്ലാ ലോഹവസ്തുക്കളും ശരീരത്തില്‍ നിന്നു നീക്കം ചെയ്യുക.

വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. തനിച്ചു നില്‍ക്കുന്ന ഉയരം കൂടിയ മരങ്ങള്‍ക്കു കീഴെ മഴയത്ത് അഭയം തേടുന്നതും മണ്ടത്തരമാണ്.

പുഴ, തോട്, കനാല്‍, തടാകം, വെള്ളക്കെട്ട് തുടങ്ങിയവയില്‍ നിന്നു മാറിനില്‍ക്കുക. പൈപ്പില്‍ നിന്നു വെള്ളം എടുക്കരുത്.

യാത്രയിലാണെങ്കില്‍ ഗ്ലാസ് താഴ്ത്തിയിട്ടു വാഹനത്തിനുള്ളിലിരിക്കുക, പുറത്തിറങ്ങരുത്.

വീട്ടുപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയെടുത്ത് മിന്നലിലുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാം.

മിന്നലേറ്റാല്‍ ചെയ്യേണ്ടത്

മിന്നലേറ്റാല്‍ എത്രയും വേഗം വൈദ്യസഹായം നല്‍കണം. ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം. കൃത്രിമ ശ്വാസം നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. മസ്തിഷ്‌കത്തിന്റെ പിന്നിലേല്‍ക്കുന്ന ആഘാതത്തില്‍ ശ്വാസം നിലയ്ക്കുന്നതാണു പലപ്പോഴും മരണത്തിന് ഇടയാക്കുന്നത്. മിന്നലേറ്റയാളില്‍ നിന്നു ഷോക്ക് ഏല്‍ക്കുമെന്നത് തെറ്റിദ്ധാരണയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button