
തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ വിദ്യഭ്യാസ ചരിത്രത്തിലെ വലിയ മാറ്റങ്ങളുമായാണ് ഈ വര്‍ഷം അധ്യയനം തുടങ്ങുന്നത്. ജൂണ്‍ 3ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പെരുന്നാളിനോടനുബന്ധിച്ച് പിന്നീടത് ജൂണ്‍ 6 ലേക്ക് മാറ്റുകയായിരുന്നു. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ദിവസം അധ്യയനം തുടങ്ങുമ്പോള്‍ ഡയറക്ട്രേറ്റും ഒന്നാവുകയാണ്. പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സമരവും ആരംഭിക്കുന്നുണ്ട്.
പതിവുകള്‍ തെറ്റിച്ച് ഹയര്‍ സെക്കണ്ടറി പ്രവേശന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചാണ് ഒരേ ദിവസം തന്നെ അധ്യനം ആരംഭിക്കാകുന്നത്. വിവാദങ്ങളും പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോഴും ഖാദര്‍ കമ്മിറ്റി ശിപാര്‍ശയനുസരിച്ച് ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റ് എന്ന ഒറ്റ കേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുകയാണ്.
പരീക്ഷകളും ഇനി ഈ കേന്ദ്രത്തിന് കീഴിലാകും. ഈ പ്രത്യേകതകള്‍ക്കൊപ്പം അധ്യയനം സുഗമമാകുന്നതിന് നിരവധി മറ്റ് മാറ്റങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു. ഹയര്‍ സെക്കണ്ടറിവരെ 203 ഉം വൊക്കേഷണന്‍ ഹയര്‍സെസക്കണ്ടറിയില്‍ 226 ഉം അധ്യന ദിവസങ്ങള്‍ ഉറപ്പാക്കിയാണ് പഠന വര്‍ഷം ആരംഭിക്കുന്നത്. സ്‌കൂളുകള്‍ക്ക് മാത്രം നല്‍കിയിരുന്ന വിദ്യാലയ കലണ്ടര്‍ ഇക്കുറി വിദ്യാര്‍ഥികള്‍ക്കും നല്‍കും.
പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കി, 8,43,509 വിദ്യാര്‍ഥികള്‍ക്ക് സൌജന്യ യൂണിഫോമും നല്‍കി. 45,000 ക്ലാസ് മുറികള്‍ ഡിജിറ്റലാക്കി, പ്രൈമറി ക്ലാസുകള്‍ ഹൈടെക് ആക്കുന്ന പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. കുട്ടികളുടെ പഠനക്കുറിപ്പുകള്‍ ഡിജിറ്റല്‍ പോര്‍ട്ട് പോളിയോ ആയി സൂക്ഷിക്കും. ഇതിനിടയില്‍ വിദ്യാഭ്യാസ ഏകീകരണത്തിനെതിരെ യു.ഡി.എഫ് അനുകൂല സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുകയാണ്. ആഘോഷ പൂര്‍വം നടത്തുന്ന പ്രവേശനോല്‍സവം സംസ്ഥാന ജില്ലാ തലങ്ങളില്‍ ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം.
Post Your Comments