Latest NewsIndia

സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു; രാജി സന്നദ്ധത അറിയിച്ച് സുധാകര്‍ റെഡ്ഡി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി സന്നദ്ധത അറിയിച്ച് സുധാകര്‍ റെഡ്ഡി. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കൂട്ടായ ഉത്തരവാദിത്വമാണ് പാര്‍ട്ടിക്കുള്ളതെന്നും അതിനാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്നും തന്നോട് നിര്‍വ്വാഹകസമിതി ആവശ്യപ്പെട്ടതായി സുധാകര്‍ റെഡ്ഡി പറഞ്ഞു.

സ്ഥാനം ഒഴിയാമെന്ന സുധാകര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശം അടുത്ത മാസം ചേരുന്ന സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. അടുത്ത മാസം 19ന് സിപിഐ ദേശീയ കൗണ്‍സില്‍ ഡല്‍ഹിയില്‍ ചേരും. കൗണ്‍സിലില്‍ സുധാകര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശം ചര്‍ച്ചയ്ക്കു വരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സഹായത്തോടെ രണ്ടു പേരെ വിജയിപ്പിക്കാനായത് മാത്രമാണ് സിപിഐയുടെ നേട്ടം. സിപിഐയില്‍ ഇപ്പോള്‍ നിര്‍ണ്ണായക സ്വാധീനമുള്ള കേരള ഘടകത്തിന്റെ ശക്തമായ പിന്തുണ ഇപ്പോള്‍ സുധാകര്‍ റെഡ്ഡിക്കുണ്ട്. എന്നാല്‍ അനാരോഗ്യം കാരണം സുധാകര്‍ റെഡ്ഡിക്ക് സംസ്ഥാനങ്ങളില്‍ എത്തി പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആകുന്നില്ല.

ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെ നിയമിച്ച് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ സുധാകര്‍ റെഡ്ഡി തുടരുക എന്ന നിര്‍ദ്ദേശവും വന്നേക്കും. സുധാകര്‍ റെഡ്ഡി ഒഴിഞ്ഞാല്‍ ഡി രാജയാണ് ദേശീയ സെക്രട്ടറിയേറ്റില്‍ അടുത്ത മുതിര്‍ന്ന അംഗം. ദേശീയരംഗത്തെ ഇടപെടല്‍ മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം എന്നിവ ഡി രാജയ്ക്ക് അനുകൂല ഘടകമാണ്. കേരളത്തിലെ നേതാക്കളുടെ നിലപാട് നിര്‍ണ്ണായകമാകും. ബിനോയ് വിശ്വത്തിന്റെ പേര് സംസ്ഥാന നേതാക്കള്‍ മുന്നോട്ടു വച്ചേക്കാം. അതുല്‍കുമാര്‍ അഞ്ജാന്‍, അമര്‍ജീത് കൗര്‍ എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ ഉയര്‍ന്നു വരാം.

shortlink

Post Your Comments


Back to top button