
പറവൂര്‍: പറവൂര്‍ സ്വദേശിയായ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കനത്ത ജാഗ്രത. പറവൂരിലെ വാവ്വാലുകളുടെ സാന്നിധ്യവും മറ്റു മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്. പ്രദേശത്ത് പന്നി ഫാമുകള്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധര്‍ അടക്കമുള്ളവര്‍ മേഖലയില്‍ പരിശോധനയ്ക്ക് എത്തും എന്നാണ് വിവരം. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുക എന്നത് കൂടി ലക്ഷ്യമിട്ടാണ് പറവൂരില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പറവൂര്‍ മേഖലയില്‍ എവിടെയെങ്കിലും വവ്വാലുകള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇവിടെ എവിടെയങ്കിലും പന്നി ഫാമുകളുണ്ടോ എന്നും ഉണ്ടെങ്കില്‍ ഫാമുകളില്‍ അടുത്ത കാലത്തെങ്ങാനും പന്നികള്‍ ചത്തിട്ടുണ്ടോ അവയ്ക്ക് എന്തെങ്കിലും അസുഖങ്ങള്‍ കണ്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. വവ്വാലുകളില്‍ നിന്നും മൃഗങ്ങളിലേക്കും അവയില്‍ നിന്ന് മനുഷ്യരിലേക്കും നിപ വൈറസ് പടര്‍ന്ന ചരിത്രമുള്ളതിനാലാണ് ഇത്തരത്തില്‍ അന്വേഷണം നടത്തുന്നത്. 1998-ല്‍ മലേഷ്യയില്‍ 105 പേര്‍ മരിക്കാനിടയായ നിപ വൈറസ് ബാധയുടെ ഉറവിടം പന്നികളിലായിരുന്നു. പട്ടി, പൂച്ച എന്നീ ജീവികളിലൂടേയും നിപ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. മനുഷ്യരുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്ന മൃഗങ്ങളായതിനാലാണിത്. വളര്‍ത്തു മൃഗങ്ങള്‍ അസ്വഭാവികമായി പെരുമാറുകയോ എന്തെങ്കിലും അസുഖം ബാധിച്ചതായി കണ്ടെത്തുകയോ ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പറവൂരിലെ വടക്കേക്കര പഞ്ചായത്ത് അതീവ ജാഗ്രതയിലും നിരീക്ഷണത്തിലുമാണ്. ഈ പ്രദേശത്തെ ആര്‍ക്കെങ്കിലും നിപ ബാധ ലക്ഷണങ്ങളായ പനി, ഛര്‍ദ്ദി, ശക്തമായ തലയവേദന എന്നിവ അനുഭവപ്പെട്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭാഗങ്ങളിലും ഇത് പരിശോധിക്കണം. രോഗിയുമായി പതിനഞ്ച് മിനിറ്റില്‍ കൂടുതല്‍ അടുത്ത് ഇടപഴകിയവര്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് അടുത്തിടെ അസ്വാഭാവികമായ മരണം നടന്നിരുന്നോ എന്നും അന്വേഷിക്കും. ആശുപത്രിയില്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരൊക്കെ എന്ന് കണ്ടെത്താനും ആരോഗ്യവകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
Post Your Comments