തിരുവനന്തപുരം : ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി ഇടത് യൂണിയന്‍ നേതാവ് . മകന് ആരോഗ്യവകുപ്പില്‍ സ്ഥിരം ജോലി വാഗ്ദാനം ചെയ്താണ് ഭിന്നശേഷിക്കാരനായ റിട്ട. നഴ്‌സിങ് അസിസ്റ്റന്റില്‍ നിന്നു 21 ലക്ഷം രൂപ നേതാവ് തട്ടിച്ചെടുത്തത്. കോടതി ഇടപെടലിനെ തുടര്‍ന്നു പൊലീസ് കേസ് എടുത്തു മൂന്നു മാസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടിയില്ല.
പ്രതി ഒളിവിലെന്നാണു പൊലീസ് ഭാഷ്യം. എന്നാല്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെക്കന്‍ഡ് ഗ്രേഡ് അറ്റന്‍ഡര്‍ ആയ ഇയാള്‍ ശനിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിച്ചു. പ്രതിക്ക് ഇപ്പോള്‍ കോടതി ജാമ്യവും നിഷേധിച്ചിരിക്കുകയാണ്. മെഡിക്കല്‍കോളജ് ആശുപത്രിയിലെ റിട്ട.ജീവനക്കാരനായ ചെമ്പഴന്തി ഉദയഗിരി അരുണ്‍ ഭവനില്‍ രാജനാണു പരാതിക്കാരന്‍.
തന്റെ മകന് ആരോഗ്യ വകുപ്പിലെ ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് ബാലരാമപുരം സ്വദേശിയായ നേതാവും ഇദ്ദേഹത്തിന്റെ ബന്ധുവായ യുവതിയും ചേര്‍ന്നു പണം തട്ടിയെന്നാണു പരാതി. രാജന്‍ പറയുന്നത്: ആരോഗ്യവകുപ്പിലെ ഉന്നതരുമായി യൂണിയന്‍ നേതാവിന് അടുത്ത ബന്ധുണ്ടെന്നു ബോധ്യപ്പെട്ടതിനാലാണു പണം നല്‍കിയത്. ഇയാളുടെ ബന്ധുവെന്നു പരിചയപ്പെടുത്തിയ സ്ത്രീക്ക് ആരോഗ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി നല്ല അടുപ്പമാണെന്നു പറഞ്ഞു.
പണം നല്‍കിയാല്‍ ആറുമാസത്തിനകം നിയമനമെന്നായിരുന്നു വാഗ്ദാനം.ആദ്യ ഗഡുവായി 10 ലക്ഷം നല്‍കി. പിന്നീട് കാണുമ്പോഴെല്ലാം നിയമനം ഉടന്‍ ഉണ്ടാകുമെന്നും ബാക്കി തുക റെഡിയല്ലേയെന്നും ഇയാള്‍ ചോദിക്കും.പിന്നീടു രണ്ടു തവണയായി 11 ലക്ഷം രൂപ കൂടി നല്‍കി.പണം വാങ്ങുമ്പോഴെല്ലാം പ്രതിക്കൊപ്പം യുവതിയും ഉണ്ടായിരുന്നു.മുന്‍പരിചയം ഉള്ളതിനാല്‍ രേഖാമൂലം ഒന്നും എഴുതി വാങ്ങിയില്ല.
30 വര്‍ഷത്തെ സമ്പാദ്യമായിരുന്നു ഈ തുക.തട്ടിപ്പ് മനസ്സിലാക്കി പണം തിരികെ ചോദിച്ചപ്പോള്‍ മകനെ പീഡനക്കേസില്‍ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി. തട്ടിപ്പു സംബന്ധിച്ചു മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയിലും നടപടി ഉണ്ടായില്ല. ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ മൂന്നു തവണ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല.ഒടുവില്‍ കോടതി ഇടപെട്ടതോടെയാണു പൊലീസ് കേസെടുത്തത് .
Post Your Comments