ജയ്പുര്‍: രാജസ്ഥാന്‍ ബോര്‍ഡ് പത്താംക്ലാസ് പരീക്ഷയില്‍ അറുനൂറില്‍ 595 മാര്‍ക്ക് വാങ്ങി പാല്‍ക്കാരന്റെ മകള്‍ ഒന്നാമത്. ഷീലാ ജാട്ട് എന്ന വിദ്യാര്‍ത്ഥിയാണ് പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് 99.17 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയത്.
കണക്ക്, സയന്‍സ് എന്നിവയ്ക്ക് 100 മാര്‍ക്കും ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നിവയ്ക്ക് 99 ഉം സംസ്‌കൃതത്തിന് 98 മാര്‍ക്കുമാണ് ഷീലയ്ക്ക് ലഭിച്ചത്. ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് സ്‌കൂളിലെത്തിയ ഷീലയുടെ മാതാപിതാക്കള്‍ നിരക്ഷരരാണ്. അച്ഛന്‍ മോഹന്‍ലാലിന് നാല് എരുമകളുണ്ട്. ഇവയുടെ പാല്‍ വിറ്റാണ് കുടുംബം കഴിയുന്നത്. വീട്ടില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയയെക്കുറിച്ച് ഷീലയ്ക്ക് ധാരണയില്ല.
മെഡിസിന് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഷീലയ്ക്ക് ബ്രെയിന്‍ കാന്‍സര്‍
മൂലം കഷ്ടപ്പെടുന്ന ആളുകളെ ചികിത്സിക്കാന്‍ കഴിയുന്ന ന്യൂറോ സര്‍ജനാകാനാണിഷ്ടം. കുറഞ്ഞ മാര്‍ക്ക് കിട്ടിയവര്‍ ഒരിക്കലും നിരാശപ്പെടരുതെന്നും തനിക്കും മുമ്പുണ്ടായിരുന്ന പരീക്ഷകളില്‍ അധികം മാര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും ഷീല മറ്റ് വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കുന്നു. കുറഞ്ഞ ഗ്രേഡ് കണ്ട് താന്‍ ഞെട്ടിയിട്ടുണ്ടെന്നും എന്നാല്‍ പരാജയത്തില്‍ നിന്നുമാണ് ഈ വലിയ വിജയം കൈവരിച്ചതെന്നും ഈ ചെറിയ പെണ്‍കുട്ടി പറയുന്നു.
തന്റെ അച്ഛന് ജീവതിത്തില്‍ ഒരിക്കലും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ തന്നെ പഠിപ്പിക്കാന്‍ എന്നും പ്രോത്സാഹിപ്പിക്കുമെന്നും ഷീല പറഞ്ഞു. സാക്ഷരത നേടാതെ ജീവിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് തന്നെ പഠിപ്പിച്ചത് അച്ഛനാണെന്നും ഈ വിദ്യാര്‍ത്ഥി പറയുന്നു.
Post Your Comments