ശ്രീനഗര്‍ : കഴിഞ്ഞ അഞ്ചു മാസത്തിനിടെ നൂറോളം ഭീകരവാദികള്‍ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന. ഇവരില്‍ 23 പേര് വിദേശികളാണ്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്കു പകരമായി കൂടുതല്‍ യുവാക്കള്‍ വിവിധ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് പരിശീലനത്തിനായി എത്തുന്നതായി സേന വെളിപ്പെടുത്തി.
2019 മേയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 23 വിദേശ തീവ്രവാദികളും 78 പ്രാദേശിക തീവ്രവാദികളും ഉള്‍പ്പെടെ 101 പേര് കശ്മീരില്‍ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ അല്‍ഖായിദ ബന്ധമുള്ള ഭീകരവാദ സംഘടനയായ അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് തലവന്‍ സാക്കിര്‍ മൂസ പോലുള്ളവരും ഉള്‍പ്പെടും. സേനയുടെ കണക്കു പ്രകാരം 2019 മാര്‍ച്ചു മുതല്‍ 50 യുവാക്കള്‍ വിവിധ തീവ്രവാദ കേന്ദ്രങ്ങളിലായി എത്തിയിട്ടുണ്ട്. ഇവരെ വിതരണം ചെയ്യുന്ന കണ്ണികളെ കണ്ടെത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സേന ഇപ്പോള്‍.
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന യുവാക്കളുടെ എണ്ണത്തില്‍ 2014 മുതല്‍ ഗണ്യമായി വര്‍ധന ഉണ്ടായതായി നേരത്തെ പുറത്തുവന്ന കണക്കുകളില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടത് കശ്മീരിലെ ഷോപിയാനിലാണ്. 16 പ്രാദേശിക ഭീകരവാദികള്‍ ഉള്‍പ്പെടെ 25 പേരാണ് ഇവിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. രണ്ടാമതുള്ള പുല്‍വാമയില്‍ 15 പേരും അവന്തിപ്പുരില്‍ 14 ഉം തെക്കന്‍ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്. ഭീകരവാദത്തെ കശ്മീരില്‍ നിന്ന് ഇല്ലാതാക്കാന്‍ പുതിയ ഉപായങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സേനയിലെ ഉദ്യോഗസ്ഥര്‍.
Post Your Comments