മുംബൈ : മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത മേരി ടീച്ചര്‍ക്ക് ഇത് രണ്ടാം ജന്മം. മേരി ടീച്ചര്‍ ആ നാളുകള്‍ പിന്നിട്ടതിനെ കുറിച്ച് പറയുന്നു. ഈ മേരി ടീച്ചര്‍ ആരെന്നറിയണ്ടേ ? മമ്മൂട്ടി- അമല്‍നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബിയിലൂടെയാണ് മേരി ടീച്ചര്‍ എന്ന നഫീസ അലിയെ മലയാളികള്‍ ശ്രദ്ധിക്കുന്നത്. നഫീസ അലി എന്ന പേരില്‍ അല്ല മേരി ടീച്ചര്‍ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കാന്‍സര്‍ ചികിത്സയിലായിരുന്നു നഫീസ. ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ വരികയാണ് അവര്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇത് വ്യക്തമാക്കിയത്.
തന്റെ മുടി കിളിര്‍ത്തുവരികയാണെന്നും സാധാരണ നിലയിലേക്ക് വരാന്‍ കാത്തിരിക്കുകയാണ് എന്നും പറഞ്ഞാണ് പോസ്റ്റ്. ‘എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്നു’ നഫീസ കുറിച്ചു.
പെരിറ്റോണിയല്‍ കാന്‍സര്‍ ബാധിതയാണെന്ന് കഴിഞ്ഞ വര്‍ഷമാണ് നഫീസയുടെ വെളിപ്പെടുത്തിയത്. ഇത് ആരാധകരെ ഞെട്ടിച്ചിരുന്നു. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് താനെന്ന് നഫീസ പറഞ്ഞിരുന്നു. കാന്‍സറുമായുള്ള തന്റെ പോരാട്ടത്തിന്റെ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. വിട്ടുമാറാത്ത വയറുവേദനയുമായിരുന്നു തന്റെ രോഗത്തിന്റെ ലക്ഷണം എന്ന് നഫീസ പറയുന്നു. ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ആര്‍ക്കും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ മാക്സ് ഓങ്കോളജി ഡേകെയര്‍ സെന്ററിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജൂല്‍കയാണ് നഫീസയുടെ രോഗം കണ്ടുപിടിക്കുന്നത്.
1976 ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റര്‍നാഷനല്‍ സെക്കന്‍ഡ് റണ്ണറപ്പായ നഫീസ അലി സിനിമാതാരം എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തക, ദേശീയ നീന്തല്‍ താരം എന്നീ നിലകളിലും പ്രശസ്തനാണ്. മലയാളത്തില്‍ ബിഗ് ബിക്ക് ശേഷം നാല് ഹിന്ദി സിനിമകളില്‍ കൂടി നഫീസ അഭിനയിച്ചിരുന്നു. സാഹിബ് ബീവി ഓര്‍ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ് നഫീസ അവസാനം വേഷമിട്ടത്.
Post Your Comments