
റിയോ ഡീ ജനീറോ : ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മറിനെതിരെ പീഡനക്കേസ് . സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി .സംഭവത്തെകുറിച്ച് പാരീസിൽ പരാതി നൽകാൻ തയ്യാറാകാതെ രണ്ട് ദിവസങ്ങൾക്ക് ശേഷം യുവതി നഗരം വിടുകയായിരുന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ചയാണ് നെയ്മറിനെതിരെ യുവതി സാവോ പോളോ പോലീസിന് മുമ്പാകെ പരാതിയുമായി എത്തുന്നത്. സംഭവത്തിൽ പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും സാവോ പോളോ പോലീസ് അറിയിച്ചു.
മെയ് 15 നാണ് കേസിനാസ്പദമായ സംഭവം . ഇൻസ്റ്റഗ്രാം വഴിയാണ് നെയ്മറെ പരിചയപ്പെടുന്നത് . തുടർന്ന് പാരീസിൽ വച്ച് കാണാമെന്ന് നെയ്മർ പറയുകയും ,അദ്ദേഹത്തിന്റെ സഹായി വിമാന ടിക്കറ്റ് അയച്ച് നൽകുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു . പാരീസിൽ താൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മർ എത്തിയത്. ഇതിന് ശേഷം തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു .
എന്നാൽ തന്റെ മകനെതിരായ ഗൂഡാലോചനയുടെ ഭാഗമായാണ് ആരോപണമെന്ന് നെയ്മറിന്റെ പിതാവ് ആരോപിച്ചു. നെയ്മറിന്റെ ഭാഗത്ത് നിന്നും അത്തരം യാതൊരു പ്രവർത്തിയും ഉണ്ടായിട്ടില്ല, ഇതിന് തെളിവായി പരാതിക്കാരിയുമായി താരം തടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത് വിടാന്‍ തയ്യാറാണെന്നും പിതാവ് പ്രതികരിച്ചു.
Post Your Comments