![pope](/wp-content/uploads/2019/06/pope.jpg)
ബുക്കാറസ്റ്റ് (റുമേനിയ) : ശരീരത്തിനേല്‍ക്കുന്ന പ്രായത്തിനല്ല മനസ്സിന്റെ പ്രായത്തിനാണ് ശക്തി എന്ന് ഓര്‍മപ്പെടുത്തി എല്ലാഅവശതകളെയും കാറ്റില്‍ പറത്തി പരുമഴ നനഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീര്‍ഥയാത്ര. റുമേനിയയിലെ ട്രാന്സില്വേനിയയിലുള്ള മരിയന്‍ പള്ളിയില്‍ കുര്ബാനയര്പ്പിച്ചാണു കാറ്റിലും മഴയിലും നടത്തിയ കഠിനയാത്ര മാര്‍പാപ്പ സ്വന്തം നിലയില്‍ തീര്‍ഥാടനമാക്കി മാറ്റിയത്. തലസ്ഥാനമായ ബുക്കാറസ്റ്റ് ഉള്‍പ്പെടെ റുമേനിയയിലുടനീളം മൂന്നു ദിവസം നീണ്ട സന്ദര്‍ശനമാണ് നടത്തുന്നത്.
കാര്‍പേതിയന്‍ മലനിരകളില്‍ ഹെലികോപ്റ്റര്‍ യാത്രയാണു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കാലാവസ്ഥ മോശമായതോടെ 3 മണിക്കൂര്‍ കാര്‍ യാത്രയ്ക്കായി മാര്‍പാപ്പ തയാറെടുത്തു. മഴവെള്ളം വീണു ചെളിക്കുഴിയായ വഴിയിലൂടെ സഹായികളുടെ കയ്യില്‍ മുറുകെ പിടിച്ചു നടക്കുമ്പോള്‍, 82 വയസുള്ള മാര്‍പാപ്പ അവശനായിരുന്നു. പിന്നെ പള്ളി അള്‍ത്താരയിലേക്കു കയറി കുര്‍ബാനയര്‍പ്പിച്ചു. പഴയ ഭിന്നതകള്‍ മാറ്റിവച്ച്, മുന്നോട്ടുള്ള യാത്രകള്‍ ഒന്നിച്ചാകാമെന്നായിരുന്നു പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത്.
20 വര്‍ഷം മുന്‍പു റുമേനിയ സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്, കത്തോലിക്കാ വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ട്രാന്‍സില്‍വേനിയ സന്ദര്‍ശിക്കാനുള്ള അനുമതി അന്നത്തെ ഓര്‍ത്തഡോക്സ് ഭരണാധികാരികള്‍ നിഷേധിച്ചിരുന്നു. ഒന്നാം ലോകയുദ്ധം അവസാനിപ്പിച്ചുള്ള സമാധാന ഉടമ്പടികളുടെ ഭാഗമായി റുമേനിയയ്ക്കു ലഭിച്ച പ്രദേശമാണ് അതു വരെ ഹംഗറിയുടെ ഭാഗമായിരുന്ന ട്രാന്‍സില്‍വേനിയ.
Post Your Comments