മലപ്പുറം: ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഓണ്‍ലൈനായി ലഭിക്കുന്ന കാലമാണ്. ഇപ്പോഴിതാ കഞ്ചാവ് വില്‍പനയും വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിവില്‍പ്പന നടത്തുന്ന ഒരു സംഘം ആളുകളാണ് പിടിയിലായിരിക്കുന്നത്. നാലംഗസംഘമാണ് മലപ്പുറം കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന് നാല് കിലോയോളം കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
കോട്ടക്കല്‍, പുത്തനത്താണി, രണ്ടത്താണി മേഖലകളില്‍ ചില്ലറ കഞ്ചാവ് വില്‍പ്പന നടത്തുന്നവര്‍ക്ക് ആന്ധ്രയില്‍നിന്നും കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ കണ്ണികളായ രണ്ടത്താണി സ്വദേശി അപ്പക്കാട്ടില്‍ ഫൈസല്‍, ആതവനാട് സ്വദേശി പറമ്പന്‍വീട്ടില്‍ റഷീദ്, അനന്താവൂര്‍ സ്വദേശി ചിറ്റകത്ത് മുസ്തഫ എന്നിവരാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്.
കുറച്ച് കാലമായി ‘ഫുള്‍ ഓണ്‍ ഫുള്‍ പവര്‍’ എന്ന വാട്സാപ്പ് ഗ്രൂപ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതുവഴിയാണ് വശ്യക്കാരെ കണ്ടെത്തുന്നതും വില്‍പ്പന നടത്തുന്നതും. സംഘത്തിലെ പ്രധാനിയായ പൂവന്‍ചിന സ്വദേശി സക്കീബ് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാളാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍. ഈ ഗ്രൂപ്പില്‍ നിന്നുമാണ് സംഘത്തെകുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്.
ആവശ്യക്കാരെന്ന വ്യാജേന കിലോക്ക് ഇരുപത്തിയയ്യായിരം രൂപ നിരക്കില്‍ കച്ചവടമുറപ്പിച്ച് കഞ്ചാവുമായെത്തിയ നാലംഗസംഘം എക്സൈസുകാരെ തിരിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും ഇവരില്‍നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ത്രീപീഡന കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ പറമ്പന്‍ റഷീദ്. 2018ല്‍ രണ്ട് കിലോ കഞ്ചാവ് കടത്തിയ കേസിലെ പിടികിട്ടാപുള്ളി കൂടിയാണ് ഇയാള്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഫൈസല്‍. ഓടി രക്ഷപ്പെട്ട പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Post Your Comments