മക്ക: ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഇറാൻ ഭീഷണി, ഇറാന് താക്കീതുമായി അറബ്ഗൾഫ് ഉച്ചകോടി. ഭീകരതയെ പിന്തുണയ്ക്കുന്നതിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉച്ചക്കോടിയിൽ വ്യക്തമാക്കി. ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഇറാൻ സൃഷ്ടിക്കുന്ന ഭീഷണികൾ ചെറുക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്വം വഹിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് മക്കയിൽ ചേർന്ന അറബ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.
നിരന്തരമായി മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽനിന്നും അന്താരാഷ്ട്ര കടലിടുക്കുകളിൽ സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിനു ഭീഷണി സൃഷ്ട്ടിക്കുന്നതിനിൽ നിന്നും ഭീകര പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നതിനിൽ നിന്നും ഇറാനെ തടയുന്നതിനും ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തണമെന്നും രാജാവ് പറഞ്ഞു. മേഖലയിൽ ഇറാൻ ഭരണകൂടം നടത്തുന്ന ഭീകര പ്രവർത്തനങ്ങൾ ചെറുക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കാതിരിക്കുന്നതാണ് ഭീകര പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ഇറാന് പ്രേരകമാകുന്നത്.
എന്നാൽ വികസനവും അഭിവൃദ്ധിയും ശക്തിപ്പെടുത്തുന്നതിനും ഇറാൻ ജനതയടക്കം മേഖലയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും ശാശ്വത സമാധാനം യാഥാർഥ്യമാക്കുന്നതിനും എല്ലാ രാജ്യങ്ങളുമായും സഹകരിക്കുന്നതിനും കൂടിയാലോചനകൾ നടത്തുന്നതിനും സൗദി ശ്രമം തുടരും. നിയമാനുസൃതമായ എല്ലാ അവകാശങ്ങളും പാലസ്തീൻ ജനതയ്ക്കു ലഭിക്കുന്നതുവരെ അറബ് രാജ്യങ്ങളുടെ ഒന്നാമത്തെ പ്രശ്നമായി പാലസ്‌തീൻ പ്രശ്നം തുടരുമെന്നും സൽമാൻ രാജാവ് ഉച്ചകോടിയിൽ വ്യക്തമാക്കി.
Post Your Comments