കോട്ടയം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിക്കു കീമോതെറപ്പി നല്കി. സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ നേരിടുകയാണ് ഒടുവില്‍ ആലപ്പുഴ കുടശനാട് സ്വദേശി രജനി. മെഡിക്കല്‍ കോളജ് ലാബിലും ആര്‍സിസിയിലും നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കാന്‍സര്‍ ഇല്ലെന്നു തെളിഞ്ഞു.
കാന്‍സറില്ലാതെ കാന്‍സറിന്റെ ചികില്‍സയും മരുന്നുകളും രജനിയെ ഒരു വന്‍ രോഗിയാക്കിയിരിക്കുകയാണ്. ഒറ്റത്തവണമാത്രം ചെയ്ത കീമോതെറപ്പിക്കു പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥതകളും നേരിടുകയാണ്. മാറിടത്തിലെ ഇല്ലാത്ത കാന്‍സറിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ചികില്‍സയുടെ ബാക്കിയാണ് പാര്‍ശ്വഫലങ്ങള്‍. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്.
കാന്‍സറുണ്ടെന്ന സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിക്കുകയും കീമോതെറാപ്പിക്കു നിര്‍ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു. അധികൃതരുടെ ഭാഗത്തുനിന്നും ലാബുകളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്കി കാത്തിരിക്കുകയാണ് രജനിയും കുടുംബവും. കീമോ ചെയ്തതിന്റഎ അനന്തര ഫലങ്ങള്‍ എന്തെല്ലാമാകുമെന്ന ആവലാതിയിലാണ് രജനിയും കുടുംബവും. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനു നിര്‍ദേശം നല്കി.
Post Your Comments