ബെംഗളൂരു: കുട്ടികള്‍ സ്‌കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കാത്തസംഭവത്തില്‍ അന്വേഷണം നടത്തിയവര്‍ അമ്പരന്നു. സൗജന്യ ഉച്ചഭക്ഷണം കഴിക്കാതെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്നവരാണ് കര്‍ണാടകയിലെ വിദ്യാര്‍ഥികളില്‍ മിക്കവരും. എന്നാല്‍ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴികാതെ പോകുന്നതെന്താണെന്നുള്ള അന്വേഷണം ഒടുവില്‍ അവസാനിച്ചത് ഭക്ഷണത്തിന്റെ രുചിയിലായിരുന്നു.
വിശ്വാസത്തിന്റെ പേരില്‍ ആവശ്യമായ ചേരുവകളൊന്നും ചേര്‍ക്കാതെയാണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നത്. പ്രത്യേകിച്ച്, വെളുത്തുള്ളിയും ഉള്ളിയും ഇവര്‍ ഭക്ഷണത്തില്‍ ചേര്‍ത്തിരുന്നില്ല. ഏറെ ആരോഗ്യപ്രാധാന്യമുള്ള വെളുത്തുള്ളിയും ഉള്ളിയും ഉച്ചഭക്ഷണത്തില്‍നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നതാണ്. സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ മിഡ് ഡേ മീല്‍ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഭക്ഷണം തയ്യാറാക്കുന്നതിന്റെ കോണ്‍ട്രാക്റ്റ് ഏറ്റെടുത്തിരിക്കുന്നത് ഇസ്‌കോണിന്റെ അക്ഷയ പാത്ര ഫൗണ്ടെഷന്‍ ആണ്.
ഉച്ചഭക്ഷണത്തില്‍ വെളുത്തുള്ളിയും ഉള്ളിയും ചേര്‍ക്കുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്ന് കാണിച്ചാണ് ഉച്ചഭക്ഷണത്തില്‍ ഇവ ചേര്‍ക്കരുതെന്ന് തയ്യാറാക്കുന്നവര്‍ക്ക് ഫൗണ്ടെഷന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയത്. ഇവര്‍ വിശ്വസിക്കുന്ന യോഗിക് ഫിലോസഫി പ്രകാരമാണ് ഭക്ഷണത്തില്‍ നിന്നും ഈ ചേരുവകള്‍ ഒഴിവാക്കിയത്.
യോഗിക്ക് ഫിലോസഫിയില്‍ സാത്വിക്, രജസിക്, തമസിക് എന്നിങ്ങനെ മൂന്നു തരം മനുഷ്യരെ കുറിച്ച് പഠിക്കുന്നുണ്ട്. ഇവ മൂന്നും ചേര്‍ന്നതാണ് സാധാരണ മനുഷ്യര്‍. അവഗണനയും ആലസ്യവും നിറഞ്ഞതാണ് തമസിക് സ്വഭാവം. തമസിക് സ്വഭാവമുള്ളയാള്‍ ഉദാസീനനായിരിക്കും അക്രമം, അന്ധവിശ്വാസം എന്നിവയില്‍ താല്‍പര്യമുള്ളയാളുമായിരിക്കും. ഇവയ്ക്ക് കാരണമാകുന്ന ചേരുവകളാണ് വെളുത്തുള്ളിയും ഉള്ളിയും എന്നാണ് അക്ഷയ പാത്ര ഫൗണ്ടെഷന്‍ വിശ്വസിക്കുന്നത്. ഈ കാരണത്താലാണ് ഭക്ഷണത്തില്‍ ഇവ ചേര്‍ക്കാത്തെതന്നും ഫൗണ്ടെഷന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 2814 സ്‌കൂളുകളിലായി 4.43 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് അക്ഷയ പാത്ര ഫൗണ്ടെഷന്‍ ഭക്ഷണം തയ്യാറാക്കി നല്‍കുന്നത്. സംഭവം പുറത്തായതോടെ കുട്ടികള്‍ക്ക് പോഷകമടങ്ങിയ ആഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകള്‍ രംഗത്തെത്തി. ലക്ഷകണക്കിന് വിദ്യാര്‍ഥികളുടെ മേല്‍ അക്ഷയ പാത്ര ഫൗണ്ടെഷന്‍ മതവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഫൗണ്ടെഷനുമായുള്ള കോണ്‍ട്രാക്റ്റ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അക്ഷയ പാത്ര ഫൗണ്ടെഷന്‍ സര്‍ക്കാരുമായി ഒപ്പുവച്ച കരാറുപ്രകാരമുള്ള നിബന്ധനകളെല്ലാം ലംഘിച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
അക്ഷയ പാത്ര ഫൗണ്ടെഷന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം ഭക്ഷ്യസുരക്ഷ കമ്മിഷന്‍ സര്‍ക്കാരിന് കത്തയിച്ചിരുന്നു. ഇതിന്റെ ഭാഗമായി, മറ്റ് എന്‍ജിഒ സംഘടനകള്‍ മെനുവിലുള്ള ഭക്ഷണ വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ആരാഞ്ഞ് ഫൗണ്ടെഷന് സര്‍ക്കാര്‍ കത്തയച്ചു. എന്നാല്‍ ഭക്ഷണം ഉണ്ടാക്കുന്നതിന് ഉള്ളിയും വെളുത്തുള്ളിയും നിര്‍ബന്ധമില്ലെന്നും അത് രണ്ടും പോഷകാഹാരത്തിന് ആവശ്യമുള്ളവയല്ലെന്നുമായിരുന്നു ഫൗണ്ടെഷന്റെ മറുപടി.
Post Your Comments