കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നേതാവിന്‍റെ ബൈക്ക് തീയിട്ടു.. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിന്‍റെ സര്‍വീസ് സെന്‍ററും കത്തിനശിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ടി.കെ.എസ്. പുരം സ്വദേശിയും യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റുമായ കെ.എസ്.ശിവറാമിന്‍റെ വീട്ടിലാണ് സംഭവം.കേന്ദ്ര സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ ആഘോഷം കഴിഞ്ഞ ശേഷം രാത്രി പത്തരയോടെയാണ് വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ വീടിന്‍റെ മുന്‍വശത്ത് തീ ആളിക്കത്തുന്നത് കണ്ടു. മുന്‍വശത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കിനാണ് തീ പിടിച്ചത്.
ഉടനെ തീയണച്ചതിനാല്‍ കൂടുതല്‍ സ്ഥലത്തേയ്ക്കു പടര്‍ന്നില്ല. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കൊടുങ്ങല്ലൂര്‍ പൊലീസ് പരിശോധിച്ചു വരികയാണ്. നേരത്തെ രാഷ്ട്രീയ സംഘര്‍മുണ്ടായിരുന്ന പ്രദേശമാണിത്. കഴിഞ്ഞ ദിവസം ശിവറാമിന്‍റെ സര്‍വീസ് സെന്‍ററും കത്തിനശിച്ചിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നായിരുന്നു സംശയിച്ചിരുന്നത്. വോട്ടെണ്ണലിന്‍റെ പിറ്റേന്നായിരുന്നു ഈ തീപിടുത്തം. ഈ രണ്ടു സംഭവങ്ങളും ആസൂത്രിത അക്രമമാണെന്നാണ് സംശയമെന്ന് ശിവറാം പറഞ്ഞു .
Post Your Comments