Latest NewsIndia

ഇവരാണ് മോദി മന്ത്രിസഭയിലെ ആ ആറ് വനിതാ സാരഥികള്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളിലൊന്നായിരുന്നു ഇക്കഴിഞ്ഞ മെയ് 30. സ്വന്തം നിലയില്‍ ഭൂരിപക്ഷം തെളിയിച്ച ഒരു രാഷ്ട്രീയപാര്‍ട്ടി നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുത്ത ദിവസം. സത്യപ്രതിജ്ഞക്കായി രാഷ്ട്രപതി ഭവന്റെ മുന്നിലൊരുക്കിയ താത്ക്കാലിക വേദിയില്‍ തിളങ്ങിയത് മോദി മാത്രമായിരുന്നില്ല, രാജ് നാഥ് സിംഗും അമിത്ഷായും ഉള്‍പ്പെടെയുള്ള ശക്തരായ നേതാക്കള്‍ക്കൊപ്പം ആറ് വനിതകള്‍. ഇതില്‍ മൂന്ന് പേര്‍ കാബിനറ്റ് മന്ത്രിമാരാണ്.

ഒരു പതിറ്റാണ്ട് ഭരിച്ച യുപിഎ മന്ത്രിസഭയിലെ വനിതാസാരഥികളെ പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയില്ല. ജനമനസ്സില്‍ ചിരപ്രതിഷ്ഠനേടുംവിധം വ്യക്തിപ്രഭാവമോ ഭരണനൈപുണ്യമോ ആര്‍ക്കുമുണ്ടായിരുന്നില്ല. പക്ഷേ അധികാരകസേരയിലെത്തും മുമ്പേ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു മോദിമന്ത്രിസഭയിലെ വനിതകള്‍. കഴിഞ്ഞ മന്ത്രിസഭയില്‍ അംഗങ്ങളായി കഴിവു തെളിയിച്ച നിര്‍മല സീതാരാമും സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗര്‍ ബാദലും ഇത്തവണയും മന്ത്രിസഭയെ ശക്തമാക്കാനുണ്ട്. സുഷമ സ്വരാജിന്റെ അഭാവം രണ്ടാം മോദി സര്‍ക്കാരില്‍ വ്യക്തമാണ്. ആരോഗ്യകാരണങ്ങളാല്‍ തെരഞ്ഞെടുപ്പ ്‌രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന സുഷമ സ്വരാജ് തത്കാലം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവുന്ന അവസ്ഥയില്‍ അല്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

നിര്‍മ്മല സീതാരാമന്‍ ( കേന്ദ്രധനമന്ത്രി)

Nirmala

കഴിഞ്ഞ എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധമന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമനാണ് ഇക്കുറി നാലാമതായി സത്യപ്രതിജ്ഞ ചെയ്തത് . ഇന്ദിരാ ഗാന്ധിയ്ക്ക് ശേഷം പ്രതിരോധം കൈകാര്യം ചെയ്യുന്ന വനിതയെന്ന പദവിയും നിര്‍മ്മല സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ധനമന്ത്രിയുമായി. ആദ്യമന്ത്രിസഭയില്‍ വാണിജ്യ വ്യവസായ സഹമന്ത്രിസ്ഥാനം നല്‍കി നിര്‍മ്മലയുടെ കഴിവിനെ അംഗീകരിച്ച മോദി അത് ബോധ്യപ്പെട്ടപ്പോള്‍ പ്രതിരോധമന്ത്രാലയം തന്നെ അവരെ ഏല്‍പ്പിക്കുകയായിരുന്നു. ജെഎന്‍യുവില്‍ നിന്ന് എം-ഫില്‍ പൂര്‍ത്തിയാക്കി ബിബിസിക്കുവേണ്ടി സേവനമനുഷ്ടിച്ചിട്ടുണ്ട് നിര്‍മല. 2003 ല്‍ ദേശയ വനിതാകമ്മീഷനംഗമായി. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് നിര്‍മ്മല സീതാരാമന്‍ ബിജെപിയിലെത്തിയത്. 2008 ല്‍ ബിജെപി വക്താവായി, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഡി സര്‍ക്കാരില്‍ സഹ മന്ത്രിയായി. 2016 ല്‍ കര്‍ണ്ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും പാര്‍ലമെന്റ് അംഗമായി മാറുകയും ചെയ്തു. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 2017 ലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചത്.

സ്മൃതി ഇറാനി -വനിതാ ശിശു ക്ഷേമമന്ത്രി

Smriti-Irani

രണ്ടാം മോദി മന്ത്രിസഭയിലെ വനിത ശിശുക്ഷേമ മന്ത്രിയാണ് സ്മൃതി ഇറാനി. മേനക ഗാന്ധി വഹിച്ചിരുന്ന സുപ്രധാന ചുമതലയാണ് ഇത്തവണ സ്മൃതി ഇറാനിക്കായി മാറ്റി വച്ചത്. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ച സ്മൃതി. അവതാരകയായും സീരിയല്‍ അഭിനേത്രിയായും ആയിരങ്ങളുടെ മനം കവര്‍ന്ന സ്മൃതി രാഷ്ട്രീയത്തിലെത്തിയത് 2003ല്‍. തൊട്ടടുത്ത വര്‍ഷം ചാന്ദിനി ഛൗക്കില്‍ നിന്ന് കോണ്‍ഗ്രസിലെ പ്രബലനായ കപില്‍ സിബലിനോട് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. തുടര്‍ന്ന് മഹാരാഷ്ട്ര യൂത്ത് വിംഗിന്റെ വൈസ് പ്രസിഡന്റായി. ് കേന്ദ്രകമ്മിറ്റിയില്‍ അഞ്ച് തവണ എക്‌സിക്യൂട്ടീവ് അംഗമായി. പിന്നീട് ദേശീയ സെക്രട്ടറിയായി, മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷയായി. 2011 ല്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി. ഇംഗ്ലീഷിലും ഹിന്ദിയിലും ഒഴുക്കോടെ സംസാരിക്കുന്ന സ്മൃതി ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായി. അനായാസം വിജയം ഉറപ്പിക്കുന്ന മണ്ഡലങ്ങള്‍ ധാരാളമുണ്ടായിട്ടും കോണ്‍ഗ്രസ് കുത്തകമണ്ഡലമായ അമേത്തിയില്‍ രാഹുല്‍ ഗാന്ധിയെ നേരിടാനായിരുന്നു ബിജെപി സ്മൃതിയെ നിയോഗിച്ചത്. ആദ്യശ്രമത്തില്‍ പരാജയപ്പെടേണ്ടി വന്നെങ്കിലും തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇത്തവണ സ്മൃതി ഇറാനി മോദി മന്ത്രിസഭയിലെത്തുന്നത്. വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളില്‍ വിമര്‍ശിക്കപ്പെട്ട സ്മൃതി അവയൊക്കെ അതിജീവിച്ചാണ് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴത്തിനെത്തിയിരിക്കുന്നത്.

ഹര്‍സിമ്രത് കൗര്‍ ബാദല്‍- ഭക്ഷ്യസംസ്‌കരണം )

Harsimrat-Badal

ആദ്യമോദി സര്‍ക്കാരില്‍ ഏല്‍പ്പിച്ച അതേ വകുപ്പ് തന്നെയാണ് ഇത്തവണയും ഹര്‍സിമ്രത് കൗറിനെ തേടിയെത്തിയിരിക്കുന്നത്. എന്‍ ഡി എ സര്‍ക്കാരിലെ അകാലി ദള്‍ പ്രതിനിധിയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിംഗ് രാജയെ പരാജയപ്പെടുത്തിയാണ് കൗര്‍ വീണ്ടും ലോക്‌സഭയിലെത്തിയത്. ടെക്‌സ്‌റ്റൈല്‍ രൂപകല്‍പ്പനയില്‍ ഹര്‍സിമത്ത് ബിരുദം നേടിയിട്ടുണ്ട്. ഹര്‍സിമ്രത് സജീവ രാഷ്ട്രീയത്തിലെത്തുന്നത് 2009 ലാണ്. പക്ഷേ 1991 ല്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സംഗ് ബാദലിന്റ മകന്‍ സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഭാര്യയായ നാള്‍മുതല്‍ രാഷ്ട്രീയം ഹര്‍സിമ്രതിന് പരിചിതമേഖലയാണ്.

സാധ്വി നിരഞ്ജന്‍ ജ്യോതി

Niranjan-Jyothi

രണ്ടാം മോദി മന്ത്രിസഭയില്‍ സഹമന്ത്രിസ്ഥാനമാണ് സാധ്വി നിരഞ്ജന്‍ ജ്യോതിക്ക്. രാം കൃപാല്‍ യാദവ് വഹിച്ചിരുന്ന ഗ്രാമവികസന മന്ത്രാലയത്തിന്റെ ചുമതലയാണ് മോദി സാധ്വിയെ ഏല്‍പ്പിച്ചിരിക്കുന്നത്. സാധ്വി നിരജ്ഞന്‍ ജ്യോതി യു പി യിലെ ഫത്തേപൂരിനെ പ്രതിനിധീകരിച്ചാണ് ലോക്‌സഭയിലെത്തിയത് . കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയില്‍ ഭക്ഷ്യ സംസ്‌ക്കരണ വിഭാഗ മന്ത്രിയായിരുന്നു. വനവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇവര്‍. സാമ്പത്തികമായി ദുര്‍ബലമായ പശ്ചാത്തലത്തില്‍ നിന്നുള്ള സ്ത്രീകളുടെയും കുട്ടികളുടെയും അഭ്യുന്നതിക്കായും സാധ്വി പ്രവര്‍ത്തിക്കുന്നുണ്ട്.

രേണുക സിംഗ് ശാരുത

ചത്തീസ് ഗഡിലെ സര്‍ഗുജയെ പ്രതിനിധീകരിച്ച് മോദി മന്ത്രിസഭയില്‍ എത്തിയതാണ് രേണുക സിംഗ് ശാരുത . വര്‍ഷങ്ങളോളം മണ്ഡലത്തില്‍ നിലനിന്ന കോണ്‍ഗ്രസ് ആധിപത്യത്തെ തകര്‍ത്താണ് രേണുക സിംഗ് ജയിച്ച് കയറിയത്. സഹമന്ത്രിയായ രേണുക ഗോത്രകാര്യമന്ത്രാലയത്തിന്റെ ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്.

ദേബാ ശ്രീ ചൗധരി

Debasree

സ്മൃതി ഇറാനിയെ ഏല്‍പ്പിച്ചിരിക്കുന്ന വനിതാ ശിശുക്ഷേമമന്ത്രാലയത്തില്‍ സഹമന്ത്രിയായാണ് ദേബാ ശ്രീ ചൗധരി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബംഗാളികള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു ദേബാ ശ്രീ ചൗധരിയുടെ കേന്ദ്രമന്ത്രിസ്ഥാനം. ബി.ജെ.പി. ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും റായ്ഗഞ്ചിലെ എം.പി.യുമായ ദേബോശ്രീ കേന്ദ്രമന്ത്രിസഭയിലെ ബംഗാളില്‍നിന്നുള്ള പുതുമുഖം കൂടിയാണ്.

ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് പെണ്‍സ്വരമുയരുകയാണ്. മക്കള്‍രാഷ്ട്രീയത്തിന്റെയോ കുടുംബവാഴ്ച്ചയുടെയോ കുറുക്കുവഴികളിലൂടെയല്ല ആരും സഞ്ചരിക്കുന്നത്. ക്രൂരതയുടെ കാര്യത്തില്‍ പുരുഷനോളം വരില്ല സ്ത്രീ, എന്നാല്‍ ധാര്‍മ്മിക ശക്തിയില്‍ പുരുഷനുമെത്രയോ ഉപരിയാണ് അവളുടെ സ്ഥാനമെന്ന് പറഞ്ഞത് മഹാത്മാ ഗാന്ധി. ആ വാക്കുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രി വീണ്ടും രാജ്യഭാരമേറ്റെടുത്തിരിക്കുന്നു. കര്‍മ്മയോഗിയായ നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അഭിമാനിക്കാം, ബൗദ്ധികമായും ധാര്‍മ്മികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന ആറ് വനിതകളെ നിസ്സംശയം രാജ്യപുരോഗതിക്ക് നിയോഗിച്ചതിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button