ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഭൂമി ഏറ്റെടുത്ത എന്‍ഫോഴ്‌സമെന്റ് നടപടി അപ്പീലേറ്റ് അതോറിറ്റി ശരിവെച്ചു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അപ്പീല്‍ അതോറിറ്റിയാണ് നടപടി ശരിവെച്ചത്. ഗുരുഗ്രാമിലെ 64 കോടി രൂപ വില വരുന്ന വസ്തുവാണ് ഡിസംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏറ്റെടുത്തത്. സോണിയഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉടമസ്ഥതയുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം. നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ 56 വര്‍ഷം നീണ്ട പാട്ടക്കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒക്ടോബര്‍ 30ന് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് കെട്ടിടം ഒഴിയണമെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ കമ്പനി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 90 കോടിയുടെ കടത്തില്‍ മുങ്ങിനിന്ന അസോസിയേറ്റ് ജേര്‍ണലിനെ ഏറ്റെടുക്കാന്‍ യങ് ഇന്ത്യയെന്ന കമ്പനി തട്ടിക്കൂട്ടിയെന്നും ഈ ഇടപാട് അഴിമതിയും വഞ്ചനയുമാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് പത്രം ഉള്‍പ്പെടെ മൂന്ന് പത്രങ്ങള്‍ അസോസിയേറ്റ്ഡ് ജേര്‍ണലാണ് പ്രസിദ്ധീകരിച്ചിരുന്നത്. 2008ല്‍ കടക്കെണിയെ തുടര്‍ന്ന് അസോസിയേറ്റ് ജേര്‍ണല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കടം വീട്ടാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്ന് വായ്പ നല്‍കിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.
Post Your Comments