തിരുവനന്തപുരം : മയക്കു മരുന്ന് ഉപയോഗം തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഏബണ്‍ കിറ്റുകള്‍ കേരളത്തിലും ഉപയോഗിക്കാന്‍ തീരുമാനം. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 50 കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായും മൂന്നാഴ്ചക്കകം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. കിറ്റുകള്‍ ഉപയോഗിച്ച് ഇതു വരെ 48 കേസുകള്‍ പോസിറ്റീവായി കണ്ടെത്താനായെന്നാണ് വഡോദര പൊലീസ് അറിയിച്ചിരിക്കുന്നത്. കിറ്റ് ഫലപ്രദമാണെങ്കില്‍ കൂടുതല്‍ വാങ്ങും. സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്ക് പുറമെ രക്തം, മൂത്രം, ഉമിനീര്, മറ്റു സ്രവങ്ങള്‍, മുടി, വിരലയടാളം തുടങ്ങിയവ പരിശോധിച്ചും ലഹരി ഉപയോഗം കണ്ടെത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മരുന്നുപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയ കത്ത് പരിഗണിച്ച് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. സംസ്ഥാനത്തെ അഞ്ച് സിറ്റി പോലിസ് കമീഷണര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡുകള്‍ക്കാണ് വഡോദര പൊലീസ് ഉപയോഗിക്കുന്നത് പോലുള്ള കിറ്റുകള്‍ നല്‍കുന്നതെന്ന് സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത്തരം പരിശോധനകള്‍ നടക്കുന്നതെങ്ങിനെ, ഏബണ്‍ കിറ്റിന്റെ വില, ആകെ വേണ്ടിവരുന്നവയുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ സര്‍ക്കാറിന്റെ നിര്‍ദേശം പരിഗണിച്ച കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
Post Your Comments