തിരുവനന്തപുരം : നോർക്കയുടെ സാന്ത്വന പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ സൗജന്യമാണെന്നും ഇതിനായി ഇടനിലക്കാരായി സംഘടനകളെയോ സ്ഥാപനങ്ങളേയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും നോർക്ക് റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നോർക്ക റൂട്ടസ് മുഖേന തിരികെയെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന കേരള സർക്കാരിന്റെ ധനസഹായ പദ്ധതിയാണ് സാന്ത്വന.
ചികിത്സാ സഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനുള്ള സഹായം എന്നിവയാണ് പദ്ധതി മുഖാന്തിരം നൽകി വരുന്നത്. മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃത അവകാശിക്ക് മരണാനന്തര ധനസഹായമായി പരമാവധി ഒരു ലക്ഷം രൂപയും പ്രവാസിയുടെ അല്ലെങ്കിൽ പ്രവാസിയുടെ ആശ്രിതർക്കു ചികിത്സക്കായി പരമാവധി അമ്പതിനായിരം രൂപയും (ഗുരുതര രോഗങ്ങൾക്ക്) മറ്റു രോഗങ്ങൾക്ക് ഇരുപതിനായിരം രൂപയും), പെൺമക്കളുടെ വിവാഹ ധനസഹായമായി (ഒരാൾക്ക്) പരമാവധി പതിനയ്യായിരം രൂപയും അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനായി പതിനായിരം രൂപ വരെയും പദ്ധതി പ്രകാരം നൽകി വരുന്നു.
നോർക്ക റൂട്ട്‌സിന്റെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലും, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ ഓഫീസുകളിലും വിവിധ കളക്‌ട്രേറ്റുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ല സെല്ലുകൾ മുഖേനയുമാണ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കി വരുന്നത്. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും മേൽ പറഞ്ഞ ഓഫീസുകളിലും അപേക്ഷാ ഫോറം ലഭ്യമാണ്.
നോർക്ക റൂട്ട്‌സിന്റെ ഓഫീസ് എന്ന വ്യാജേന പല സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിലുളള ആനുകൂല്യങ്ങൾ ലഭ്യമാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളെന്ന പേരിൽ ജനങ്ങളിൽ നിന്ന് അംഗത്വ ഇനത്തിലും മറ്റുമായി തുക ഈടാക്കുന്നതായും കൂടാതെ നോർക്ക അനുവദിക്കുന്ന ധനസഹായത്തിൽ നിന്നും ഒരു വിഹിതം കൈപ്പറ്റുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് സഹായം ലഭ്യമാക്കുന്നതിന് മറ്റേതെങ്കിലും സ്ഥാപനങ്ങളിലോ സംഘടനകളിലോ അംഗങ്ങളായിരിക്കേണ്ടതോ, വരി നൽകേണ്ടതോ ഇല്ല. ഇതിനായി ഏതെങ്കിലും സ്ഥാപനങ്ങളെയോ സംഘടനകളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം സേവനങ്ങളെല്ലാം സൗജന്യമാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോൾഫ്രീ നമ്പരിലും ലഭിക്കും.
Post Your Comments