തീർഥാടകരാൽ നിറഞ്ഞ് മക്ക-മദീന ഹറം പള്ളികൾ, റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ മക്ക, മദീന ഹറമുകള്‍ തീര്‍ത്ഥാടകരാല്‍ നിറഞ്ഞു കവിഞ്ഞു. പുലര്‍ച്ച വരെ നീളുന്ന പ്രത്യേക നമസ്കാരത്തിനും പ്രാര്‍ഥനക്കും ലക്ഷങ്ങളാണ് എത്തുന്നത്. തീര്‍ത്ഥാടകര്‍ക്കായി ഹറമിന്റെ മുഴുവന്‍ വാതിലുകളും തുറന്നിട്ടു.
രാവിലെ മുതൽ ശക്തമാണ് ഹറമിലേക്കുള്ള തീര്‍ഥാടകരുടെ ഒഴുക്ക്. റമദാന്റെ അവസാന പത്ത് ദിനം പാപമോചനത്തിന്റെ പ്രാര്‍ഥനകളാല്‍ മുഖരിതമാണ് ഹറം. പുലര്‍ക്കാലം വരെ നീളുന്ന പ്രത്യേക പ്രാര്‍ഥനക്കായെത്തുന്ന തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ ഹറമിന്റെ മുഴുവന്‍ വാതിലും തുറന്നിട്ടു. ഉംറ തീര്‍ഥാടകരാല്‍ കഅ്ബയുടെ മുറ്റവും മതാഫുകളും നിറഞ്ഞൊഴുകി. റോഡിലേക്ക് പരക്കുന്ന തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കാന്‍ പതിനായിരത്തോളം സുരക്ഷാ ജീവനക്കാരുണ്ട്. മറ്റന്നാള്‍ മുതല്‍ ഹറമിനടുത്തേക്ക് ചെറു വാഹനങ്ങള്‍ നിരോധിക്കും.
എന്നാൽ കൂടുതൽ ബസ്സുകള്‍ ഷട്ടില്‍ സര്‍വീസിനുണ്ടാകും. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതെന്ന് കരുതുന്നത് അവസാന പത്ത് ദിനങ്ങളിലെ ഒറ്റപ്പെട്ട രാവിലൊന്നാണ്. ഇതിനാല്‍ തന്നെ ഈ ദിനങ്ങളില്‍ തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കാന്‍ കൂടുതല്‍ സേനയുണ്ടാകും. ലക്ഷങ്ങളെത്തിയിട്ടും അനായാസമാണ് ഹറമിലെ തീര്‍ഥാടക നീക്കമെന്നതും ശ്രദ്ധേയമാണ്.
Post Your Comments