KeralaLatest NewsIndia

സർക്കാരിന് തോന്നുംപോലെ ഭൂമി പതിച്ചുനൽകാനാവില്ല: നിങ്ങൾ രക്ഷാധികാരി മാത്രം : ഹൈക്കോടതി

ഇടുക്കി ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡെയ്‌സ് ആൻഡ് റിസോർട്‌സിന്റെ 9.16 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനുള്ള ദേവികുളം ആർ.ഡി.ഒ.യുടെ നടപടി ശരിവെച്ചാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

കൊച്ചി: സംസ്ഥാനത്തെ ഭൂമിയുടെ രക്ഷാധികാരിയാണ് സർക്കാരെന്ന് ഹൈക്കോടതി. ഏറെ പ്രാധാന്യമുള്ളതും ലഭ്യതകുറഞ്ഞതുമായ പ്രകൃതിസമ്പത്താണ് ഭൂമി. പൊതുതാത്പര്യം അവഗണിച്ച് അത് തോന്നുംപോലെ പതിച്ചുനൽകാൻ സർക്കാരിനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടുക്കി ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡെയ്‌സ് ആൻഡ് റിസോർട്‌സിന്റെ 9.16 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനുള്ള ദേവികുളം ആർ.ഡി.ഒ.യുടെ നടപടി ശരിവെച്ചാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2007-ൽ മൂന്നാർ ദൗത്യസംഘത്തിന്റെ കാലത്തായിരുന്നു ഭൂമിയുടെ പട്ടയം റദ്ദാക്കി ദേവികുളം ആർ.ഡി.ഒ. ഉത്തരവിട്ടത്.സംസ്ഥാനത്തെ ഭൂസമ്പത്തിന്റെ ട്രസ്റ്റിയായ സർക്കാർ അത് പൊതുതാത്പര്യം മുൻനിർത്തിമാത്രമാണ് പതിച്ചുനൽകുന്നത്. വരുംതലമുറയെക്കൂടി കരുതിയേ സർക്കാരിന് ഇക്കാര്യത്തിൽ നടപടി എടുക്കാനാവൂ. പൊതുലക്ഷ്യത്തിൽനിന്നു മാറി മറ്റൊരാവശ്യത്തിനും ഭൂമി പതിച്ചുനൽകാൻ സർക്കാരിനാവില്ല..വ്യക്തികൾക്ക് കൃഷിക്കോ വീടില്ലാത്തവന് വീടുവെക്കാനോ നൽകുന്നത് പൊതുതാത്പര്യം മുൻനിർത്തിയാണ്.

ഹർജിക്കാസ്പദമായ ഭൂമി പട്ടയ ഉടമയിൽനിന്ന് വാങ്ങിയ ആൾ അത് സ്വകാര്യനേട്ടത്തിനാണ് ഉപയോഗിച്ചത്. കൃഷിപോലെ പൊതുഗുണത്തിനല്ല. ഇതിനെതിരേ നടപടിയെടുത്തില്ലെങ്കിൽ പൊതുഭൂമിയുടെ രക്ഷാധികാരിയായ സർക്കാർ പൊതുജനത്തോട് ഉത്തരം പറയേണ്ടിവരും.പൊതുതാത്പര്യം ലംഘിക്കപ്പെടുന്നത് ഏതുഘട്ടത്തിലായാലും ഭൂമി തിരിച്ചെടുക്കാനാവുമെന്ന് വ്യക്തമാക്കിയാണ് കോടതി ആർ.ഡി.ഒ.യുടെ നടപടി ശരിവെച്ചത്.

ഭൂമി രജിസ്‌ട്രേഷനും പതിച്ചുനൽകലും റദ്ദാക്കിയത് ചോദ്യംചെയ്ത് മഹീന്ദ്ര ഹോളിഡെയ്‌സ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ സുപ്രധാന വിധി.
പൊതുനയത്തെ മുൻനിർത്തി നൽകുന്ന പട്ടയത്തിന്റെ വ്യവസ്ഥയിൽ ഇളവ് സാധ്യമല്ല. ഇളവ് സംസ്ഥാനതാത്പര്യത്തിന്‌ എതിരാകുമെന്നതിനാൽ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button