ArticleMollywoodLatest News

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എം ജയചന്ദ്രനും ഈസ്റ്റ് കോസ്റ്റും ഒന്നിക്കുമ്പോള്‍ ആസ്വാദകര്‍ക്ക് നല്‍കുന്നത് പാട്ടിന്റെ പാലാഴി തീര്‍ത്ത നാട്ടുവിശേഷങ്ങളോ?

അഞ്ജു പാര്‍വ്വതി പ്രഭീഷ്

പ്രകൃതിയുടെ ആത്മാവാണ് സംഗീതം. നിർവചനങ്ങൾക്ക് അതീതമായ ഒരനുഭവവും അനുഭൂതിയുമാണ് സംഗീതം. പ്രപഞ്ചത്തിന്റെ സ്പന്ദനമാണ് സംഗീതമെങ്കിൽ പ്രകൃതിക്ക് അത് തന്റെ ആത്മാവാണ്. സംഗീതം മറ്റു കലകളില്‍ നിന്നു വ്യത്യസ്തമാവുന്നത്, അത് നമ്മോടു നേരിട്ടു സംവദിക്കുന്നതുകൊണ്ടാണ്. സിനിമ ഭാവനയുടെ സൃഷ്ടി ആണെങ്കില്‍ പാട്ടുകള്‍ ആ ഭാവനയുടെ മാറ്റ് കൂട്ടുന്നു. സിനിമയിലെ ഒരു സീനിലെ സന്ദര്‍ഭാനുസാരിയായി വരുന്ന പാട്ട്, ആ സന്ദര്‍ഭത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെ വ്യക്തമായും കൃത്യമായും ശക്തമായും നമ്മളിലേക്ക് എത്തിച്ചു കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥയെ വര്‍ദ്ധിതമായ ഭാവസാന്ദ്രതയോടെ നമ്മളിലേക്ക് ആവാഹിക്കുന്നു. പാട്ടിലെ മെലഡി, ആ സന്ദര്‍ഭത്തിനു ചേരുന്നതിന് അനുസരിച്ചു കൂടുതല്‍ അര്‍ത്ഥം ഉളവാക്കുകയും ചെയ്യുന്നു. അങ്ങനെ പ്രേക്ഷകനില്‍ ഉണരുന്ന ഭാവരസങ്ങളെ അടിവരയിട്ട് ഉറപ്പിക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്നു. ചിത്രങ്ങള്‍ക്കും വാക്കുകള്‍ക്കും ആവുന്നതിനേറെ ആഴത്തില്‍ പാട്ടിനു നമ്മെ സ്പര്‍ശിക്കാന്‍ കഴിയും. അതു കൊണ്ടു തന്നെയാണ് മലയാളചലച്ചിത്രശാഖയിൽ സംഗീതത്തിനു ഇത്രമേൽ സ്ഥാനമുണ്ടായത്.

east-coast-vijayan-m-jayachandran

സൂകരപ്രസവം പോലെ കുറെയേറെ ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടെന്ത് പ്രയോജനം ?സിംഹപ്രസവംപോലെ ഒന്നോരണ്ടോ മതി, അത് സിംഹക്കുട്ടികളായിരിക്കണം. അത്തരത്തിൽ സിംഹക്കുട്ടികൾക്ക് മാത്രം ജന്മം നല്കിയിട്ടുള്ളാരു ബാനറാണ് ഈസ്റ്റ് കോസ്റ്റും അതിന്റെ സാരഥി ഈസ്റ്റ് കോസ്റ്റ് വിജയനും! സിനിമയ്ക്കപ്പുറമുള്ള പാട്ടിടത്തിൽ പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനി മൃതികൾക്കപ്പുറമുള്ള ആത്മബന്ധത്തേയും കുറിച്ചു പാടിയ പാട്ടുകൾ ഒരു കാലത്ത് മലയാളിമനസ്സിൽ അനുരാഗത്തിന്റെ മകരമഞ്ഞ് പൊഴിച്ചിരുന്നു. സ്വരക്കൂട്ടുകൾക്കും വാക്കുകൾക്കുമിടയിൽ ഒരായിരം ഓർമകൾ പേറുന്ന അവയെ “ഓർമ്മയ്‌ക്കായി” എന്ന ആൽബത്തിനുള്ളിൽ ഭംഗിയായി അടുക്കി മലയാളികൾക്ക് സമ്മാനിച്ചത് ഈസ്റ്റ് കോസ്റ്റ് വിജയനും എം.ജയചന്ദ്രനും കൂടിയായിരുന്നു.നഷ്ടത്തിന്റെ, വിരഹത്തിന്റെ, സ്വന്തമാക്കലിന്റെ പ്രണയാനുഭവങ്ങളിലേക്കു നമ്മെ കൊണ്ടു പോകുന്ന ആ ഗാനങ്ങള്‍ പ്രണയകാലത്തിന്റെ സ്വരകണമായി മാറിയത് വളരെപ്പെട്ടെന്നായിരുന്നു. പ്രണയമധുരത്തേൻ തുളുമ്പിയ പാട്ടുകൾ മലയാളിയുടെ മനസ്സിൽ അഴകിന്റെ അല പോലെ ഒഴുകുകയായിരുന്നു ഈസ്റ്റ് കോസ്റ്റിന്റെ പ്രണയഗാനങ്ങളെല്ലാം. ആസ്വാദക ഹൃദയങ്ങളിൽ പ്രണയത്തിന്റെ സുഗന്ധം നിറച്ച ആ അപൂർവ്വ കൂട്ടുക്കെട്ട് ഒരു ദശാബ്ദത്തിനു ശേഷം വീണ്ടും ശുദ്ധസംഗീതത്തിന്റെ പൂക്കാലമൊരുക്കുന്നത് ശ്രീ.വിജയൻ തന്നെ സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചില ന്യൂജെൻ നാട്ടുവിശേഷങ്ങളിലാണ്. വരികളും സംഗീതവും ഒന്നിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികതയാണ് ഈ സിനിമയിലെ ആറ് ഗാനങ്ങളുടെ പ്രത്യേകത.

Chila NewGen Nattu visheshangal

സപ്തസ്വരജന്യമായ നമ്മുടെ സംഗീതം തുറന്നുതരുന്ന അപാരസാദ്ധ്യതകളെ ഇത്രമേൽ തുറന്നുകാട്ടിയിട്ടുള്ള ഇന്നിന്റെ സംഗീതസംവിധായകരിൽ മുൻനിരയിലാണ് ശ്രീ.എം.ജയചന്ദ്രൻ. യുവതലമുറയെ ഡ്രം, ഹെവിമെറ്റല്‍സംഗീതം എന്നിവ ഉപയോഗിച്ചു സംഗീതമെന്ന പേരില്‍ വഞ്ചിക്കുന്ന പുത്തൻ പ്രവണതയിൽ നിന്നും അത്തരക്കാരായ സംഗീതസംവിധായകന്മാരിൽ നിന്നും തീർത്തും വ്യത്യസ്തനാണ് അദ്ദേഹം. അതുക്കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളികൾ ആഘോഷമാക്കുന്നത്.വെറുതേ ഒരു ഈണം സൃഷ്ടിക്കുന്നതും ഗാനസന്ദർഭത്തിനും സാഹിത്യത്തിനും അനുയോജ്യമായ ഈണം സൃഷ്ടിക്കുന്നതും തമ്മിൽ അജഗജാന്തരമുണ്ട്. പുതുതലമുറയുടെ കാലത്ത് സജീവമാവുകയും അവര്‍ക്കിഷ്ടപ്പെടുന്ന പാട്ടുകള്‍ സൃഷ്ടിക്കുകയും അത് ഹിറ്റാക്കുകയും പാട്ടില്‍ ഏത് തലമുറക്കാരനും ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍ സന്നിവേശിപ്പിക്കുകയും ചെയ്യുന്നതിലൂടെ രണ്ട് തലമുറകളെ പാട്ടിന്റെ പാലംകൊണ്ട് ബന്ധിപ്പിച്ച സംഗീതസംവിധായകനാണ് എം.ജയചന്ദ്രന്‍.
നാട്ടുവിശേഷങ്ങളിലെ എല്ലാ ഗാനങ്ങളിലും തന്റെ വ്യക്തിത്വത്തിന്റെ ‘ഹോളോഗ്രാം’ പതിപ്പിച്ചിട്ടുണ്ട് അദ്ദേഹം. വരികളിലെ ആശയങ്ങളെ സംഗീതാത്മകമായി പ്രതിഫലിപ്പിക്കുന്ന ഒരു ഉള്ളടക്കം ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളിലും അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്. മലയാളികൾക്ക് ജയചന്ദ്രസംഗീതത്തിന്റെ വിരുന്നുമായെത്തുന്ന ചിത്രമാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ.

newgen nattu visheshangal

ഓരോ പാട്ടും ഓരോ ഭാവങ്ങളെയാണ് ഈ ചിത്രത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്.
കഥാപാത്രങ്ങളുടെ മനോവിചാരങ്ങളും കഥാസന്ദർഭങ്ങളും ഭാവനാ പരിസരമാക്കി വരികൾ കുറിക്കുകയെന്നതാണ് പാട്ടെഴുത്തിൽ കവിയുടെ നിയോഗം.ആ നിയോഗത്തെ മനോഹരമായൊരു അനുഭവമാക്കി തീർക്കുന്നുണ്ട് ശ്രീ.സന്തോഷ് വർമ്മയും ഈസ്റ്റ് കോസ്റ്റ് വിജയനും ഇവിടെ.ഗൃഹാതുരബിംബങ്ങളും മനസ്സ് നിറയ്ക്കുന്ന നന്മയും പച്ചപ്പും വിശുദ്ധിയും മനോഹരമായ വാക്കുകളുംലാളിത്യത്തിന്റെ ദലമര്‍മരങ്ങളായി മലയാളികളുടെ ഹൃദയത്തില്‍ അനുഭൂതിയുടെ പുതിയ സ്വരരാജികള്‍ തീര്‍ക്കുന്നവയാണ് ഇരുവരുടെയും തൂലികയിൽ നിന്നും ഉതിരുന്ന ഗാനങ്ങൾ.

സംഗീത സംവിധായകന്‍ സൃഷ്ടിക്കുന്ന ഈണം പാട്ടുകാരന്റെ പ്രത്യേകതയുള്ള ശബ്ദത്തില്‍ പുറത്തു വരുമ്പോഴാണ് ശ്രോതാവില്‍ അനുഭൂതി ഉളവാകുന്നത്.ആ അനുഭൂതി ശ്രോതാവിലേക്ക് പകർത്താൻ ഈസ്റ്റ് കോസ്റ്റ് നിയോഗിച്ചവരാകട്ടെ ശബ്ദസൗകൂമാര്യത്തിന്റെ മൂർത്തീഭാവങ്ങളായ അഞ്ചുപേരെയാണ്.ഭൂമിക്ക് ദൈവം സമ്മാനിച്ച ഗന്ധർവ്വനാദം ശ്രീ യേശുദാസും മലയാളത്തിന്റെ ശ്രീത്വമായ എം.ജി .ശ്രീകുമാറും ഇന്ത്യൻ യുവത്വത്തിന്റെ ഇടിമുഴക്കമായ ശങ്കർ മഹാദേവനും തേനൂറുന്ന ശബ്ദം കൊണ്ട് മലയാളിയെ കുളിരണിയിക്കുന്ന മലയാളത്തിന്റെ ദത്തുപുത്രിയായ ശ്രേയയ്ക്കുമൊപ്പം എം.ജയചന്ദ്രനെന്ന സംഗീതരാജകുമാരനുമാണ് ആ അഞ്ചുപേർ.

5-singers

നമ്മുടെ ഉള്ളിലേക്കു പ്രവേശിച്ചു മനസ്‌സില്‍ സ്ഥാനം പിടിക്കാനാവുന്നതു നല്ല മെലഡിയുള്ള ഗാനങ്ങള്‍ക്കു തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല.രചനയുടെ സൗന്ദര്യത്തിനു കൂട്ടായി ഇമ്പമുളള ഈണം ചേരുകയും ഗന്ധർവ്വനാദത്തിൽ അത് പുറത്തേയ്ക്ക് വരുകയും ചെയ്യുമ്പോൾ ഒരു ഗാനം കാലാതീതമാകുന്നു.അത്തരത്തിലുള്ള ഒന്നാണ് പരിഭവം നമുക്കിനി പറഞ്ഞു തീർക്കാമെന്ന മനോഹരഗാനം.ഈ ഗാനം നമ്മെ ആ പഴയ ഈസ്റ്റ്കോസ്റ്റ് ആൽബങ്ങളുടെ സുവർണ്ണകാലഘട്ടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നുമുണ്ട്. വിജയന്റെ പ്രണയവരികൾക്ക് തേനോലുന്ന ശബ്ദവും ആലാപന മികവും സമ്മേളിച്ച, ഗന്ധര്‍വ്വഗായകനായ ശ്രീ യേശുദാസ് പാടുമ്പോൾ അത് മലയാളത്തിലെ എക്കാലത്തെയും വലിയൊരു ഹിറ്റിലേയ്ക്കുള്ള പ്രയാണത്തിനു വഴിയൊരുക്കലാകുന്നു. തലമുറകൾ ഓർത്തുവയ്ക്കേണ്ട ഒരു ഭാവഗീതത്തിന്റെ തലത്തിലാണ് ഈ വരികൾ തലയുയർത്തിനിൽക്കുന്നത്.

“പൂവ് ചോദിച്ചു ഞാൻ വന്നുവെന്ന ഗാനത്തിൽ ജയചന്ദ്രസംഗീതം കുഞ്ഞോളങ്ങളിൽ തോണിയെന്നപോലെ താളത്തിൽ തുഴയെറിഞ്ഞ് നീങ്ങുന്നത് നമുക്കനുഭവിക്കാൻ കഴിയും. ശ്രേയാഘോഷലിന്റെയും എം.ജയചന്ദ്രന്റെയും ശബ്ദസൗകുമാര്യത്തിലൂടെ പ്രണയത്തിന്റെ തണുപ്പ് അറിയാതെ ഹൃദയത്തിലേക്ക് കോറിയിടും ഈ ഗാനം. സംഗീതം അടിസ്ഥാനപരമായി പഠിച്ചിട്ടാണ് സംഗീതസംവിധായകനായത് എന്ന എം .ജയചന്ദ്രന്റെ അടയാളപ്പെടുത്തൽ കൂടിയാകുന്നുണ്ട് ഈ ഗാനവും ഗാനാലാപനവും. പാട്ടില്‍ ഭാവത്തനിമകള്‍ നിറച്ചുവച്ചു എന്നുള്ളതാണ് ഈസ്റ്റ് കോസ്റ്റ് വിജയനെന്ന രചയിതാവിനെ എന്നും വേറിട്ടുനിര്‍ത്തുന്ന ഘടകം. പാട്ടില്‍ സാധാരണത്വം കൊണ്ട് നിര്‍മ്മിക്കുന്ന ഒരസാധാരണത്വം രൂപപ്പെടുത്തുകയെന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഈ ഗാനം അതിനൊരു മികച്ച ഉദാഹരണമാണ്

newgen nattu visheshangal

കാലം മാറും തോറും പാട്ടിനെ ആസ്വദിക്കുന്ന രീതിയും മാറുന്നു. പണ്ട് പതിഞ്ഞ താളങ്ങളോടും ഹൃദയസ്പര്‍ശിയായ വരികളോടുമായിരുന്നു താല്പര്യമെങ്കില്‍ ഇന്നത് ചടുലതയുള്ള സംഗീതത്തിലേക്ക് വഴിമാറുകയാണ്. രസകരമായ വരികൾക്കൊപ്പം ചടുതലയാർന്ന സംഗീതം ഇണചേർന്നപ്പോൾ പാട്ടുണ്ടാക്കുന്ന ഓളത്തെ കുറിച്ച് പറയാതെ വയ്യ. ചില ന്യൂജെൻ നാട്ടുവിശേഷങ്ങളിലെ സുരാംഗനയെന്ന പാട്ട് ഇത്തരത്തിലുള്ളതാണ്. മൂന്ന് തവണ പിന്നണിഗായകനുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും കൈവെള്ളയ്ക്കുള്ളിൽ സ്വന്തമാക്കിയ ശങ്കർ മഹാദേവനെന്ന ഇടിനാദത്തിന്റെ ശബ്ദത്തിൽ സുരാംഗനയെന്ന പാട്ട് കേൾക്കുമ്പോൾ മനവും തനുവും ഒരുപോലെ ആസ്വാദനരസം നുകരുന്നുണ്ട്. വേഗതയുള്ള പാട്ടുകള്‍ പാടാന്‍ ശങ്കര്‍ മഹാദേവന്‍ എന്ന ഗായകനുള്ള അസാമാന്യ കഴിവ് ഈ ഗാനത്തിലൂടെ നമുക്ക് ഒരിക്കൽ കൂടി അനുഭവിച്ചറിയാൻ സാധിക്കും.

മഴപോലെ മനസിലേക്ക് പെയ്തിറങ്ങുന്ന പാട്ടാണ് അവൾ എന്ന ജയചന്ദ്രസംഗീതത്തിൽ മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രൻ പാടുന്ന ഗാനം.ജിലേബിയിലെ ഞാനൊരു മലയാളിയെന്ന എക്കാലത്തെയും നിത്യഹരിതഗാനത്തിനു ശേഷം ഈസ്റ്റുകോസ്റ്റുമായി വീണ്ടും കൈകോർക്കുന്ന ഭാവഗായകൻ അവളിലൂടെ വീണ്ടും ആസ്വാദകഹൃദയങ്ങളെ പുളകം കൊള്ളിക്കുന്നു. യുവത്വത്തിന്റെ ഭാവതീവ്രത ഒട്ടും ചോരാതെ എഴുപത്തഞ്ചിന്റെ നിറവിലും സംഗീതപ്രയാണം നടത്തുന്ന പാട്ടിന്റെ മഞ്ഞലയിൽ മുങ്ങിതോർന്ന കളിത്തോഴനില്ലാതെ അവൾ എന്ന ഗാനത്തിനു എന്ത് മാധുര്യം? അതിമധുരം നിറഞ്ഞ വരികളും അതിനോട് ഇഴചേർന്ന ലളിത സംഗീതവും ഭാവഗാനാലാപനവും ഈ പാട്ടിനെ മറ്റൊരു തലത്തിലെത്തിക്കുന്നു.പാട്ടിന്റെ കാറ്റു വന്നു തലോടി പോകുന്നതുപോലെയുള്ള പതിഞ്ഞ താളം സംഗീത ആസ്വാദകർക്കരെ തൂവൽ പോലെ തഴുകിക്കുന്ന ഈ ഗാനം രചിച്ചത് ശ്രീ. സന്തോഷ് വർമ്മ.വർമ്മയുടെ കവിത തുളുമ്പുന്ന പദങ്ങളെ അനുപമമായി വിന്യസിച്ച് എം. ജയചന്ദ്രൻ മറ്റൊരു ഹിറ്റ് മെലഡി ഒരുക്കുന്നു.

പാട്ടുകൾ വേഗത്തിൽ പാടുന്ന എം ജി ശ്രീകുമാർ ശൈലിയിലെ വ്യത്യസ്തത നമുക്കേറെ ഇഷ്ടമാണ്. നരനായി ജനിച്ചതുമൂലം നരകം കാണുകയാണേയെന്ന ഗാനം ഇനി മുതൽ മലയാളിചുണ്ടുകളിൽ തത്തികളിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. കുസൃതിനിറഞ്ഞ വരികളുള്ള ഗാനം ആദ്യ കേൾവിയിൽ തന്നെ ആർക്കും ഇഷ്ടമാകും. ലളിതമായ വരികളും അതിലും ലളിതമായ താളവുമുള്ള പാട്ട് ഒരുക്കിയിരിക്കുന്നത് സന്തോഷ് വർമ്മ-ജയചന്ദ്രൻ കൂട്ടുക്കെട്ടാണ്. ചില ന്യൂജെൻ നാട്ടുവിശേഷങ്ങളെന്ന കൗതുകം നിറഞ്ഞ പേരിനു കൗതുകവും ലേശം കുരുത്തംകേടുമുള്ള ഈ പാട്ട് മാറ്റുകൂട്ടുന്നുണ്ട്.

newgen nattu visheshangal song

കാഴ്ചയെക്കാള്‍ കേള്‍വിക്ക് ഒരു സന്ദര്‍ഭത്തിന്റെ വൈകാരികമായ ഉത്തേജനത്തെ കുറേക്കൂടി ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ സിനിമയിലെ പാട്ടും സംഗീതവും പ്രേക്ഷകനില്‍ ഉണരുന്ന ഭാവരസങ്ങളെ അടിവരയിട്ട് ഉറപ്പിക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്നു. നമ്മൾ മലയാളികൾ വീണ്ടും വീണ്ടും കേള്‍ക്കാനിഷ്ടപ്പെടുന്ന മധുരഗാനങ്ങളിൽ കുറേയെണ്ണം ഈസ്റ്റ് കോസ്റ്റ് നമുക്കായി തന്നിട്ടുള്ള സ്നേഹോപഹാരമാണ്.മനോഹരമായ ഈണത്തോടെ ആലപിക്കാവുന്ന ലളിതകോമളപദസമ്പന്നമായ ഭാവോജ്ജ്വല ഗാനങ്ങളായിരുന്നു ഈസ്റ്റ് കോസ്റ്റ് ബാനറിന്റെ പ്രത്യേകത.തങ്ങളുടെ മാസ്മര സംഗീതകൂട്ടുക്കെട്ടിലൂടെ മലയാള മനസ്സുകളില്‍ പാട്ടിന്റെ മാരിവില്ല് വിരിയിച്ച ജയചന്ദ്രസംഗീതവും പ്രണയാക്ഷരങ്ങളുടെ വിജയതമ്പുരാനും പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ തീർച്ചയായും പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത ശുദ്ധസംഗീതത്തിന്റെ അമ്യതകുംഭം തന്നെയായിരിക്കും. തീർച്ച!

shortlink

Related Articles

Post Your Comments

Related Articles


Back to top button