തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമ ലംഘനം തടയാനുള്ള സര്‍ക്കാര്‍ ശ്രമം പാളുന്നു. പെര്‍മിറ്റ് ലംഘനം നടത്തുന്ന ബസുകള്‍ക്ക് നോട്ടീസും പിഴയും നല്‍കുക മാത്രമാണിപ്പോള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ പിഴ അടച്ച് മുടക്കമില്ലാതെ സര്‍വ്വീസ് നടത്തുകയാണ് ബസ്സുകള്‍.
സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് ഗതാഗതവകുപ്പ് ഒരു മാസം മുന്‍പ് ഓപ്പറേഷന്‍ നൈറ്റ്‌റൈഡേഴ്‌സ് എന്ന പേരില്‍ അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ആരംഭിച്ചത്. ഒരു മാസം കൊണ്ട് 2 കോടി മുപ്പത് ലക്ഷം രൂപയായിരുന്നു പിഴ ഇനത്തില്‍ സര്‍ക്കാറിന് കിട്ടിയത്. പക്ഷെ ചട്ടം ലഘിച്ചുള്ള സര്‍വ്വീസിന് കടിഞ്ഞാണിടാനായില്ല. കോണ്‍ട്രാക്ട് കാരേജ് ലൈസന്‍സ് എടുത്തു സ്റ്റേജ് കാരേജില്‍ സര്‍വ്വീസ് നടത്തുന്നതിലാണ് ഇപ്പോഴത്തെ നടപടി. ഇതില്‍ തന്നെ പരമാവധി ചുമത്താകുന്ന പിഴ അയ്യായിരം രൂപയാണ്. ഒറ്റ ട്രിപ്പില്‍ തന്നെ വന്‍ തുക കിട്ടുന്ന ബസ്സുടമകള്‍ക്കിത് നിസ്സാരം. കൂടുതല്‍ കടുത്ത നടപടികളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് പോകാത്തതിനാല്‍ പിഴ നല്‍കി യഥേഷ്ടം സര്‍വ്വീസ് നടത്തുകയാണ് ഇത്തരത്തിലുള്ള ബസ്സുകള്‍.
ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള എല്‍എപിറ്റി ലൈസന്‍സില്ലാത്ത ട്രാവല്‍ ഏജന്‍സികള്‍ പൂട്ടാന്‍ നോട്ടീസ് കൊടുത്തതല്ലാതെ അവിടെയും തുടര്‍ നടപടികളുണ്ടായില്ല. ലൈസന്‍സിനായി കര്‍ശന വ്യവസ്ഥകളുമായി ഗതാഗതവകുപ്പ് ഉത്തരവിറക്കിയെങ്കിലും അതും ബസ് ലോബികളുടെ സമ്മര്‍ദ്ദം മൂലം നടപ്പായില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. സ്വകാര്യ ബസ്സുകളുടെ കുത്തക അവസാനിപ്പിക്കാന്‍ 15 ബസുകളോടിക്കുമെന്ന് പറഞ്ഞ കെഎസ്ആര്‍ിടിസി നഷ്ടക്കണക്ക് കാട്ടി പിന്മാറി. ഈ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഇനിയെല്ലാം റിപ്പോര്‍ട്ട് വന്നശേഷം മതിയെന്ന നിലപാടിലേക്ക് മാറി.
Post Your Comments