ദുബായ്: ജോലി അന്വേഷിച്ച് യുഎഇയിലെത്തിയ ഇന്ത്യക്കാരിയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. 25കാരനായ പാകിസ്ഥാനി ഡ്രൈവറെയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്. ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ തന്റെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലുമായിരുന്നു.
മാര്‍ച്ച് 14ന് നാഇഫില്‍ വെച്ചാണ് സംഭവം നടന്നത്. മാര്‍ച്ച് അഞ്ചിനാണ് 21കാരിയായ ഇന്ത്യന്‍ യുവതി ജോലി അന്വേഷിച്ച് അബുദാബിയിലെത്തിയത്. ബന്ധുവിനൊപ്പം അബുദാബിയില്‍ താമസിക്കുകയായിരുന്നു. അവിടെവെച്ചാണ് പാകിസ്ഥാനിയായ ഒരാള്‍, ദുബായിലുള്ള തന്റെ സഹോദരന് യുവതിക്ക് ജോലി സംഘടിപ്പിച്ച് നല്‍കുമെന്ന് അറിയിച്ചത്. തുടര്‍ന്ന് ഇയാളുമായി വാട്സ്ആപ് വഴി ആശയവിനിമയം നടത്തി. ഇന്റര്‍വ്യൂവിനായി ദുബായിലേക്ക് വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദുബായിലെത്തിയ യുവതിയെ പ്രതിയായ പാകിസ്ഥാനി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി.
നാഇഫിലെ ഒരു ഫ്ലാറ്റില്‍ വെച്ച് ഒരാള്‍ യുവതിയെ ഇന്റര്‍വ്യൂ ചെയ്തു. ജോലിയെക്കുറിച്ചും ശമ്പളവും സംസാരിച്ച ശേഷം ഇയാള്‍ തിരികെ യുവതിയെ പ്രതിയുടെ അടുത്ത് തന്നെ കൊണ്ടുവിട്ടു. രാത്രി എട്ട് മണിയോടെ അവിടെയെത്തിയെങ്കിലും തനിക്ക് ജോലി സംബന്ധമായ തിരക്കുകളുണ്ടെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി വരെ യുവതിയോട് കാത്തിരിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പ്രതി വന്നപ്പോള്‍ ജോലിയുടെ കാര്യങ്ങള്‍ സംസാരിക്കാനായി ഫ്ലാറ്റിലേക്ക് പോകാമെന്ന് പറഞ്ഞു. ഭക്ഷണം കഴിച്ച ശേഷം തിരികെ അബുദാബിയില്‍ എത്തിക്കാമെന്നും ഇയാള്‍ പറഞ്ഞു.
നിര്‍ബന്ധിച്ചപ്പോള്‍ താന്‍ അയാള്‍ക്കൊപ്പം ഫ്ലാറ്റിലേക്ക് പോയെന്ന് യുവതി പറഞ്ഞു. അവിടെ നാല് പാകിസ്ഥാന് പൗരന്മാര് മദ്യപിക്കുന്നുണ്ടായിരുന്നു. വീട് അടച്ചശേഷം മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും യുവതിയെ ബാല്‍ക്കണിയിലേക്ക് പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു. നിലവിളിച്ചപ്പോള്‍, താന്‍ മറ്റുള്ളവരെക്കൂടി വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബലാത്സംഗം ചെയ്ത ശേഷം ഇയാള്‍ ഉറങ്ങാനായി മുറിയിലേക്ക് പോയി. പ്രതിയുടെ ഒരു സുഹൃത്താണ് യുവതിയുടെ പഴ്സ് തിരികെ കൊടുക്കുകയും പുറത്ത് ഇറങ്ങാന്‍ സഹായിക്കുകയും ചെയ്തത്.
പുലര്‍ച്ചെ നാല് മണിയോടെ പുറത്തിറങ്ങിയ ശേഷം ഒരു ടാക്സി കാറില്‍ കയറി അബുദാബിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അബുദാബിയിലേക്കുള്ള ടാക്സി യാത്ര ചിലവേറിയതാണെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു. ഇതോടെ ഡ്രൈവര്‍ യുവതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ പിന്നീട് തന്നെ ഒരാള്‍ വിളിച്ചെന്നും കേസില്‍ യുവതിക്ക് അനുകൂലമായി സംസാരിക്കരുതെന്നും അതിന് പണം തരാമെന്ന് പറഞ്ഞതായും ഡ്രൈവര്‍ പറഞ്ഞു.
ഫോറന്‍സിക് പരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ കണ്ടെത്തി. പൊലീസ് കസ്റ്റഡിയില്‍ വെച്ച് പ്രതി യുവതിയെ വിളിച്ച ഫോണ്‍ കോളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. യുവതി ഇത് റെക്കോര്‍ഡ് ചെയ്ത് പൊലീസിന് കൈമാറി.
Post Your Comments