രാജ്കോട്ട്•ദുബായിലെ മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായിയായിരുന്ന ഷാ ഭാരത്കുമാര്‍ ജയന്തിലാല്‍ അന്തരിച്ചു. 87 വയസായിരുന്നു. ജന്മനാടായ ഗുജറാത്തിലെ രാജ്കോട്ടിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഭരത് ഭായ്, ദാദ തുടങ്ങിയ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന ഭരത് കുമാര്‍ ജയന്തിലാലിനെ 2015 ല്‍ ഭാരത സര്‍ക്കാര്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി യെമന്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നടത്തിയ വിലമതിക്കാനാവാത്ത സേവനങ്ങളുടെ പേരിലായിരുന്നു പുരസ്കാരം.
ഭരത് ഭായിയുടെ ശ്രമഫലമായാണ് പ്രവാസി ഇന്ത്യക്കാരായ വനിതകള്‍ക്ക് നാട്ടിലേക്ക് കൊണ്ട് വരാവുന്ന സ്വര്‍ണാഭരണങ്ങളുടെ മൂല്യം ഒരു ലക്ഷം രൂപയായും പുരുഷന്മാര്‍ക്ക് കൊണ്ട് വരാവുന്ന സ്വര്‍ണത്തിന്റെ മൂല്യം 50,000 രൂപയായും ഉയര്‍ത്തിയത്.
ഏദനില്‍ ഒരു വീട്ടില്‍ ഹൗസ് ബോയ് ആയിട്ടായിരുന്നു ഭരത് ഭായിയുടെ തുടക്കം. ഒരിക്കല്‍ പോലും ഇംഗ്ലീഷ് സ്കൂളില്‍ പോയിട്ടില്ലാത്ത അദ്ദേഹം യാതൊരു മുന്നൊരുക്കവുമില്ലാതെ ഗംഭീര ഇംഗ്ലീഷ് പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ഏദനില്‍ ഒരു ഫ്രഞ്ച് കമ്പനിയ്ക്ക് വേണ്ടി ദീരുഭായ് അംബാനിയോടൊപ്പം ഏഴുവര്‍ഷത്തോളം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അന്ന് 225 രൂപയായിരുന്നു ഭരത് ഭായിയുടെ ശമ്പളം. രണ്ട് വര്‍ഷം ജൂനിയറായിരുന്ന അംബാനിയുടെ ശമ്പളം 200 രൂപയുമായിരുന്നു.
നിരവധി പുരസ്കാരങ്ങള്‍ ഭരത് ഭായിയെ തേടിയെത്തിയിട്ടുണ്ട്. ഫോബ്സ് മിഡില്‍ ഈസ്റ്റ് മാഗസിന്‍ പുറത്തിറക്കിയ അറബ് ലോകത്തെ മുന്‍നിര ഇന്ത്യക്കാരുടെ പട്ടികയില്‍ അദ്ദേഹം സ്ഥാനംപിടിച്ചിട്ടുണ്ട്.
ഇന്ദു ബെന്‍ ആണ് ഭാര്യ, അമര്‍, ഖേദന്‍ എന്നിവര്‍ മക്കളും.
Post Your Comments