ഏറ്റവും വലിയ ഖുർആൻ-ബാങ്കുവിളി മത്സരവുമായി സൗദി, ലോകത്താദ്യമായി ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച് സൗദിയിൽ ഖുർആൻ, ബാങ്കുവിളി മത്സരം വരുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ വിജയികൾക്ക് ഏകദേശം മുപ്പത്തി രണ്ടു ലക്ഷം ഡോളർ സമ്മാനത്തുകയാണ് വിതരണം ചെയ്യുക. ജനറൽ എന്റർടൈമെന്റ് അതോറിറ്റിയാണ് മത്സരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഖുർആൻ-ബാങ്കുവിളി മത്സരം റോയൽ കോർട്ട് ഉപദേഷ്ടാവും ജനറൽ എന്റർടൈമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ തുർക്കി ആലുശൈഖാണ് മത്സരം പ്രഖ്യാപിച്ചത്. ഖുർആൻ പാരായണത്തിലും ബാങ്ക് വിളിയിലുമായിരിക്കും മത്സരങ്ങൾ നടക്കുക. ഖുർആൻ പാരായണ നിയമവും അർത്ഥവും അറിഞ്ഞുകൊണ്ടുള്ള ശ്രുതിമധുരമായ പാരായണമായിരിക്കും മത്സരത്തിൽ പരിഗണിക്കുക. ഖുർആൻ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് 50 ലക്ഷം റിയാൽ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 20 ലക്ഷം റിയാലും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം റിയാലും നാലാം സ്ഥാനത്തിന് 5 ലക്ഷം റിയാലും ലഭിക്കും.
കൂടാതെ മത്സര വിജയികളുടെ ഖുർആൻ പാരായണം ലോകത്താകെ പ്രചരിപ്പിക്കും. നല്ല ശബ്ദ മാധുര്യത്തോടെ ബാങ്കുവിളിക്കുക എന്നതാണ് മറ്റൊരു മത്സരം. ബാങ്കുവിളി മത്സരത്തിൽ ഒന്നാം സ്ഥാനക്കാരന് ലഭിക്കുക 20 ലക്ഷം റിയാൽ. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തുന്നവർക്കു യഥാക്രമം 10 ലക്ഷം, 5 ലക്ഷം, രണ്ടര ലക്ഷം റിയാൽ എന്നിങ്ങനെ സമ്മാനമായി ലഭിക്കും. കൂടാതെ മത്സര വിജയികൾക്ക് മസ്ജിദുന്നബവിയിൽ ബാങ്ക് വിളിക്കാനുള്ള അവസരവും ലഭിക്കും.
Post Your Comments