ദിസ്പൂർ : രാജ്യത്തിന്റെ സ്പന്ദനമറിയാന്‍ കഴിയാത്തതാണ് പാർട്ടി ഇത്ര വലിയ തോൽവി ഏറ്റുവാങ്ങാൻ കാരണമെന്ന വിമര്‍ശനവുമായി ആസ്സാമിലെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഗൗരവ് ഗോഗോയ്. പാര്‍ട്ടി ഔദ്യോഗികമായി പരാജയത്തിന്റെ കാരണം എന്തെന്ന് വിലയിരുത്തും മുന്‍പേയാണ് ഗൗരവിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിവെയ്ക്കാന്‍ ഒരുങ്ങിനില്‍ക്കവെയാണ് നിയുക്ത എം പിയുടെ പ്രസ്താവന.
‘ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും, രാജ്യത്തിന്റെ സ്പന്ദനം അറിയാന്‍ കഴിയാതെ പോയതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം. ജനങ്ങളുടെ അവരുടെ വിധി സംശയമില്ലാതെ പ്രകടിപ്പിച്ചുകഴിഞ്ഞു. ബി.ജെ.പിക്ക് അഭിനന്ദനങ്ങള്‍, ആശംസകളും.’- ഗോഗോയ്. പറഞ്ഞു.
ഇന്ത്യ ഇന്നു നേരിടുന്ന പ്രശ്‌നങ്ങളിലേക്കായിരിക്കണം ഇനി ശ്രദ്ധ ചെലുത്തേണ്ടതെന്നും ബാങ്കിങ്, കടക്കെണിയിലായ സ്ഥാപനങ്ങള്‍, ഗ്രാമീണമേഖല എന്നിങ്ങനെ പരിഗണിക്കപ്പെടേണ്ട ചില വിഷയങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്‍.ഡി.ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗോഗോയുടെ പ്രതികരണം.
കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളിൽ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായെന്നു മനസ്സിലാക്കാന്‍ കഴിയും. നല്ല ഉദ്ദേശം, ശക്തമായ പ്രചാരണം, പ്രശ്‌നാധിഷ്ഠിത തന്ത്രങ്ങള്‍, വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കുള്ള രാഹുല്‍ ഗാന്ധിയുടെ മാന്യമായ മറുപടി ഇവയെല്ലാം ഉണ്ടായിട്ടും പക്ഷേ രാജ്യത്തിന്റെ സ്പന്ദനം തിരിച്ചറിയാന്‍ കോണ്‍ഗ്രസിനായില്ല. നാളെ ഇക്കാര്യമാണു ചര്‍ച്ച ചെയ്യേണ്ടത്. ഈ വിധിയില്‍ നിന്നു പാഠങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments