ന്യൂ ഡൽഹി : ടിക് ടോക് താരമായിരുന്ന ജിംനേഷ്യം പരിശീലകൻ മോഹിത് മോറിന്റെ കൊലപാതകത്തിൽ 17കാരന് പിടിയിൽ. മോഹിതിന്റെ ഫോണിൽ അവസാനം വന്ന കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിയുകയും ദ്വാരകയിലെ ദുല്സിറസ് ഗ്രാമത്തിന് സമീപത്ത് വച്ച് ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജിമ്മിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
കൊല നടക്കുന്നതിനു കുറച്ച് ദിവസങ്ങൾക്ക് മുമ്പുണ്ടായ തർക്കത്തിൽ മോഹിത് പ്രതിയെ മറ്റുള്ളവര്‍ക്കു മുന്നില്‍ നാണം കെടുത്തി. ഇതിൽ രോഷാകുലനായ പ്രതി മോഹിതിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. സംഭവ ദിവസം രണ്ട് സൂഹൃത്തുകൾക്കൊപ്പം ജിമ്മിൽ എത്തിയെങ്കിലും മോഹിത്തിനെ കാണാൻ സാധിച്ചില്ല. തുടർന്ന് എവിടെയാണെന്ന് ഫോണിൽ വിളിച്ച് തിരക്കി. നജഫ്ഗറിലെ കടയിൽ മോഹിത് ഉണ്ടെന്ന് മനസ്സിലാക്കിയ സംഘം സ്ഥലത്തെത്തി യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. മറ്റ് രണ്ടു പേർക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഡൽഹിയിൽ ഫിറ്റ്നസ് വീഡിയോകളിലൂടെ താരമായ മോഹിതിന് ടിക് ടോകില്‍ അഞ്ച് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സായിരുന്നു ഉണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 3000 ഫോളോവേഴ്സും ഉണ്ട്.
Post Your Comments